കൊല്ലം: കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് ദളിത്-ആദിവാസി കുടുംബങ്ങൾ പട്ടിണിയിലാണെന്നു കാണിച്ച് പോസ്റ്റിട്ട പ്രൊഫസ്സർ കുസുമം ജോസഫിനെതിരെ കേസ് എടുത്ത് പോലീസ്. കൊല്ലം കുളത്തൂപ്പഴക്കു സമീപം അരിപ്പ എന്ന സ്ഥലത്താണ് ഈ സംഭവം. സമൂഹത്തിൽ കലാപമുണ്ടാക്കാൻ ശ്രമിച്ച് ഫേസ്ബുക് വഴി പോസ്റ്റിട്ടു എന്നാണ് കുസുമം ജോസെഫിനെതിരെയുള്ള ആരോപണം
ലോക്ക് ഡൗണിന്റെ ഭാഗമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് ഭക്ഷണ സാധനങ്ങൾ ആവശ്യത്തിന് കരുത്തിയിട്ടില്ലായിരുന്ന ആദിവാസി ദളിത് കുടുംബങ്ങൾക്ക് അടിയന്തരമായി അരിയും സാധനങ്ങളും എത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് 2020 ഏപ്രിൽ 16-നാണ് കുസുമം ജോസഫ് പോസ്റ്റിട്ടത്.
ഭൂസമരം നടത്തിയവരെ മര്യാദ പഠിപ്പിക്കാനാനോ ഇങ്ങനെ ചെയ്യുന്നതെന്നും, അഥിതി തൊഴിലാളികൾക്കും പക്ഷിമൃഗാദികൾക്കും വരെ ഭക്ഷണം എത്തിച്ചു കൊടുത്ത സർക്കാർ എന്തുകൊണ്ടാണ് ഇവരെ പരിഗണിക്കാത്തതെന്നുമാണ് പോസ്റ്റിൽ ചോദിച്ചത്.
ചെങ്ങറ സമരത്തിൽ പങ്കെടുത്ത സർക്കാർ വാഗ്ദാനം ചെയ്ത കൃഷിഭൂമി ലഭിക്കാത്ത 500-ഓളം കുടുംബങ്ങൾ 2012 ഡിസംബർ 31 മുതലാണ് കൊല്ലം കുളത്തൂപ്പുഴക്ക് സമീപo സർക്കാർ ഭൂമിയിൽ സമരം ആരംഭിച്ചത്. വർഷങ്ങൾ പിന്നിട്ടിട്ടും അവരുടെ സമരത്തിന് നേരെ മാറി മാറി വന്ന സർക്കാരുകൾ മുഖംതിരിക്കുകയാണ് ചെയ്തത്.
ലോക്ക് ഡൗണിൽ എല്ലാവര്ക്കും ആവശ്യത്തിന് ഭക്ഷണം ലഭ്യമാകുന്നില്ലെന്നറിഞ്ഞാണ് കുസുമം ജോസഫ് ഫേസ്ബുക് വഴി ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധ ആവശ്യപ്പെട്ടുകൊണ്ട് പോസ്റ്റ് ഇട്ടത്.
കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ച് നോട്ടീസ് കൈപ്പറ്റി 72 മണിക്കൂറിനുള്ളിൽ പോസ്റ്റ് തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനുമുപയോഗിച്ച മൊബൈൽഫോണും അനുബന്ധ സാമഗ്രികളും ഹാജരാക്കാനാണ് പോലീസ് പറഞ്ഞിരിക്കുന്നത്.
NAPM എന്ന മേധ പട്കറുടെ നേതൃത്വത്തിലുള്ള ദേശീയ സംഘടനയുടെ സംസ്ഥാന കൺവീനറാണ് കുസുമം. ദളിത്-ആദിവാസി-സ്ത്രീ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിക്കെതിരെയാണ് പോലീസ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്.
അധികാരികളുടെ ശ്രദ്ധ എത്താത്ത ഒരു കൂട്ടം ആളുകൾ പട്ടിണി കിടക്കുന്നു എന്ന വിവരം പങ്കുവച്ചതിനെതിരെയാക്കാണോ കലാപത്തിന് കേസ് എടുത്തിരിക്കുന്നതെന്ന ചോദ്യവുമായി അനേകം ആളുകൾ രംഗത്ത് വന്നിരിക്കുകയാണ്.
ഉത്തർപ്രദേശിലടക്കം വടക്കൻ സംസ്ഥാനങ്ങളിൽ ഓക്സിജൻ ക്ഷാമമെന്നു റിപ്പോർട്ട് ചെയ്യുന്നവർക്കെതിരെ കേസ് എടുക്കുമെന്ന വാർത്ത വന്നതിൽ നിന്ന് ഒട്ടും വിഭിന്നമല്ല ഇവിടെയും സംഭവിക്കുന്നതെന്ന് കാണിക്കുന്നതാണ് കുസുമം ജോസെഫിനുണ്ടായ അനുഭവം.
ഇന്നലെ ഫേസ്ബുക് വഴിയായാണ് കുസുമം ഈ വാർത്ത എല്ലാവരിലേക്കും എത്തിച്ചത്. സമൂഹത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്കുവേണ്ടി പ്രവർത്തിക്കുന്നവരെ ഇങ്ങനെ നിയമം ദുരുപയോഗം ചെയത് വേട്ടയാടിയാൽ എങ്ങനെയാണ് പൊതുപ്രവർത്തനം ചെയ്യുക എന്നാണു പോസ്റ്റിൽ ഇപ്പോൾ അവർ ചോദിക്കുന്നത്. പോസ്റ്റിനു പിന്നാലെ കുസുമത്തിനു ശക്തമായ പിന്തുണയുമായി സോഷ്യൽ മീഡിയയിലൂടെ അനേകം പേർ രംഗത്ത് വന്നിരിക്കുകയാണ്.
https://youtu.be/07K3YGXUVlQ