Fri. Nov 22nd, 2024
തിരുവനന്തപുരം:

രാജ്യം നേരിടുന്ന കൊവിഡ് പ്രതിസന്ധിയുടെ പേരില്‍ പാലക്കാട് മുന്‍ എംപിയും, തൃത്താലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എംബി രാജേഷും, സാമൂഹ്യ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ എന്നിവര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് യുദ്ധം. ഏപ്രില്‍ 24ന് എംബി രാജേഷ് ഇട്ട പോസ്റ്റാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

വെറും മരണങ്ങളല്ല കൂട്ടക്കൊലകളാണ്- എന്ന പോസ്റ്റ് ഇങ്ങനെ.

സർക്കാർ ഒന്നും ചെയ്യേണ്ട എല്ലാം വിപണി ചെയ്തോളും എന്ന ബിജെപിയുടെ ഉദാരവൽക്കരണ സാമ്പത്തിക ദർശനവും മാനുഷികത തീരെയില്ലാത്ത വർഗ്ഗീയ പ്രത്യയശാസ്ത്രവും ചേർന്നപ്പോഴാണ് ദുരന്തത്തിൻ്റെ ആഴവും ആഘാതവും കൂടിയത്. നിർമ്മല സീതാരാമൻ നേരത്തേ തന്നെ പറഞ്ഞതോർമ്മയില്ലേ? covid iട an act of god, govt has limitations എന്ന്. അതായത് ദൈവം വരുത്തിയതാണ്, ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന്.

ഒടുവിലെ പ്രസംഗത്തിൽ മോദി പറഞ്ഞത് എല്ലാവരും സ്വന്തം കാര്യം സ്വയം ശ്രദ്ധിക്കണം എന്നായിരുന്നില്ലേ? സർക്കാറിനെ പ്രതീക്ഷിക്കേണ്ട എന്നർത്ഥം. മോദി പറഞ്ഞത് ശരിയാണ്. ഇന്ത്യയിൽ ഇന്ന് ഒരു ഭരണമില്ല. ആയിരങ്ങളെ മരണത്തിനെറിഞ്ഞു കൊടുത്ത് ഭരണകൂടം കരയ്ക്കിരുന്നു ആ ദുരന്തം കാണുകയാണ്. എന്തൊരു രാജ്യസ്നേഹികൾ?.

ഇതിനെ തുടര്‍ന്ന് ശ്രീജിത്ത് പണിക്കര്‍ ഇതിന് മറുപടിയായി ഏപ്രില്‍ 25ന് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു.

തെറ്റ്. താങ്കൾക്ക് ഇത്ര വിവരമില്ലേ? Act of God എന്നത് നിയമപരമായി നിലനില്പുള്ള ഒരു പ്രയോഗമാണ്. ദൈവം വരുത്തിയത് എന്നല്ല അതിന്റെ നിയമപരമായ അർത്ഥം. മനുഷ്യ നിയന്ത്രണത്തിൻ അതീതമായ സംഭവങ്ങളെ സൂചിപ്പിക്കാൻ പൊതുവായി ഉപയോഗിക്കുന്ന പ്രയോഗമാണ് Act of God. ഭൂകമ്പം, പ്രളയം, മഹാമാരി, ദുരന്തങ്ങൾ ഒക്കെയും Acts of God ആണ്. സംശയമുണ്ടെങ്കിൽ ഏതെങ്കിലും ഇൻഷുറൻസ് കമ്പനിയോട് ചോദിച്ചു നോക്കൂ.

കൊവിഡ് ഒരു മഹാമാരിയാണ് എന്നതിൽ താങ്കൾക്ക് ഇനിയും സംശയമുണ്ടോ? സ്വന്തം കാര്യം സ്വയം നോക്കണം എന്നു പറയുന്നതിന് അർത്ഥം സർക്കാരിനെ പ്രതീക്ഷിക്കേണ്ട എന്നാണോ? എല്ലാവരും ജാഗ്രത പുലർത്തണം എന്ന് മുഖ്യമന്ത്രി ഇവിടെ പറഞ്ഞതിന്റെ അർത്ഥവും അതുതന്നെയാണോ? സാമൂഹിക അകലം, മാസ്ക് ധാരണം, കൈകഴുകൽ എന്നിവയൊക്കെ സ്വയം ശ്രദ്ധിക്കേണ്ട സ്വന്തം കാര്യങ്ങൾ തന്നെയാണ്.

സംശയമുണ്ടോ? കൊവിഡ് കാലത്ത് മരിച്ച ആയിരങ്ങളെ മരണത്തിന് എറിഞ്ഞു കൊടുത്തത് ഭരണകൂടം ആണെങ്കിൽ കേരളത്തിൽ മരിച്ച 5000 പേരെ സംസ്ഥാന ഭരണകൂടം മരണത്തിനെറിഞ്ഞു കൊടുത്ത് കരയ്ക്കിരുന്ന് കണ്ടു എന്നും മനസ്സിലാക്കണോ?

By Divya