ന്യൂഡൽഹി:
കൊവിഡ് അതിതീവ്ര രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ കയറ്റുമതിയും ഇറക്കുമതിയും സുഗമമാക്കാൻ ഹെൽപ് ഡെസ്കുമായി വാണിജ്യ മന്ത്രാലയം. കസ്റ്റംസ് ക്ലിയറൻസിലെ കാലതാമസം, ബാങ്കിങ് തടസം തുടങ്ങിയവ പരിഹരിക്കാൻ വേണ്ടിയാണ് ഹെൽപ് ഡെസ്ക് ആരംഭിച്ചിരിക്കുന്നത്.
വാണിജ്യ മന്ത്രാലയത്തിന് കീഴിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡാണ് ഈ ഹെൽപ് ഡെസ്ക് ആരംഭിച്ചിരിക്കുന്നത്. നിരന്തരം കയറ്റുമതിയും ഇറക്കുമതിയും നിരീക്ഷിക്കുകയും വ്യാപാരികളുടെ താത്പര്യം സംരക്ഷിക്കുകയുമാണ് ലക്ഷ്യം.
ഇറക്കുമതി-കയറ്റുമതി ലൈസൻസിങ്, കസ്റ്റംസ് ക്ലിയറൻസ്, ഡോക്യുമെന്റേഷൻ, ബാങ്കിങ് വിഷയങ്ങൾ എന്നിവയിൽ സഹായം ലഭ്യമാകും. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട വ്യാപാര കാര്യങ്ങളിലും സഹായം ലഭിക്കും. വെബ്സൈറ്റ് വഴി ഡിജിഎഫ്ടിയെ ബന്ധപ്പെടണമെന്നും വ്യാപാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.