Fri. Mar 29th, 2024
മഹാരാഷ്ട്ര:

കൊവിഡിന്റെ ഭീകരാവസ്ഥയും ആരോഗ്യപ്രവര്‍ത്തകരുടെ നിസഹായാവസ്ഥയും വ്യക്തമാക്കുന്നതാണ് മഹാരാഷ്ട്രയില്‍നിന്നുള്ള ഒരു ചിത്രം. ഒരു ആംബുലന്‍സില്‍ കൊവിഡ് ബാധിതരായി മരിച്ച 22 പേരുടെ മൃതദേഹം. പ്ലാസ്റ്റിക് ബാഗുകളിലാക്കിയ മൃതദേഹങ്ങള്‍ ഒന്നിനുമുകളില്‍ ഒന്നായി നിരത്തിയിട്ട് ആംബുലന്‍സ് നിറച്ചിരിക്കുന്നു.

ബീഡ് ജില്ലയിലെ അംബജോഗൈയിലെ സ്വാമി രമാനന്ദ് തീര്‍ത്ഥ് മറാത്ത്‌വാഡ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ളതാണ് മൃതദേഹങ്ങള്‍. സംസ്‌കരിക്കുന്നതിനായി അവ കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങളാണ് പുറത്തായത്. കൊവിഡ് വ്യാപനം രൂക്ഷമാകുകയും പ്രതിദിന മരണസംഖ്യ ഉയരുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ മതിയായ ആംബുലന്‍സുകള്‍ ഇല്ല.

അതോടെ, മൃതദേഹങ്ങളോട് ആദരവ് പോലും പാലിക്കാനാകാത്ത സ്ഥിതിയിലാണ് കാര്യങ്ങള്‍. ഞായറാഴ്ചയാണ് സംഭവം നടന്നത്. മരിച്ചവരുടെ ബന്ധുക്കളാണ് ചിത്രം പുറത്തുവിട്ടത്. ഇവ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ വലിയ വിവാദമായിട്ടുണ്ട്.

മതിയായ ആംബുലന്‍സ് സൗകര്യം ഇല്ലാത്തിനാലാണ് അങ്ങനെ സംഭവിച്ചതെന്നാണ് മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ ശിവാജി സുക്രെ പ്രതികരിച്ചത്. ആശുപത്രിയില്‍ രണ്ട് ആംബുലന്‍സുകള്‍ മാത്രമാണുള്ളത്. പലപ്പോഴും മരിച്ചവരുടെ ബന്ധുക്കളെ കണ്ടെത്താന്‍ സമയമെടുക്കും.

ഫ്രീസറോ കോള്‍ഡ് സ്‌റ്റോറേജ് സംവിധാനമോ ഇല്ലാത്തതിനാല്‍ ലോഖണ്ഡി സാവര്‍ഗാവിലെ കൊവിഡ് കേന്ദ്രത്തില്‍നിന്നുള്ള മൃതദേഹങ്ങളും ഇവിടെയെത്തും. അതാണ് ഇത്തരമൊരു സ്ഥിതിക്ക് കാരണം. ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള സമയം രാവിലെ എട്ട് മുതല്‍ രാത്രി 10 വരെയാക്കണമെന്ന് അംബജോഗൈ മുനിസിപ്പൽ കൗണ്‍സിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അങ്ങനെയായാല്‍ ആശുപത്രി വാര്‍ഡില്‍നിന്ന് നേരിട്ട് മൃതദേഹങ്ങള്‍ എത്തിക്കാന്‍ സാധിക്കുമെന്നും ശിവാജി സുക്രെ പറഞ്ഞു. മൂന്ന് ആംബുലന്‍സുകള്‍ കൂടി അനുവദിക്കണമെന്ന് ജില്ലാഭരണകൂടവും മുനിസിപ്പല്‍ കൗണ്‍സിലും അറിയിച്ചിട്ടുണ്ട്.

By Divya