Mon. Dec 23rd, 2024
ന്യൂഡൽഹി:

അതിതീവ്ര കൊവിഡ് വ്യാപന സാഹചര്യത്തിൽ വിദേശ സഹായങ്ങൾ കൈപ്പറ്റുന്ന കാര്യത്തിൽ അവ്യക്ത നിലപാട് തുടർന്ന് കേന്ദ്രസർക്കാർ. വിദേശ സഹായം നേരിട്ട് സ്വീകരിക്കരുതെന്ന ഇന്ത്യയുടെ ദീർഘകാല നയത്തിൽ മാറ്റം ഇല്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്. ഈ നിലപാടിൽ മാറ്റം വരുത്താതെ വിദേശ രാജ്യങ്ങൾ വാഗ്ദാനം ചെയ്ത സഹായങ്ങൾ നേരിട്ട് കൈപ്പറ്റാൻ സർക്കാർ എജൻസികൾക്ക് സാധിക്കില്ല.

കൊവിഡ് വ്യാപനത്തിൽ ഇന്ത്യ വിറങ്ങലിക്കുമ്പോൾ ലോക രാജ്യങ്ങൾ ഒന്നടങ്കം ഇന്ത്യയ്ക്ക് നേരെ സഹായ ഹസ്തം നീട്ടുകയാണ്. ഓക്‌സിജൻ, മരുന്നുകൾ, ആശുപത്രി ഉപകരണങ്ങൾ എന്നിവ അടക്കമാണ് വാഗ്ദാനം. അമേരിക്ക, ഫ്രാൻസ്, ജപ്പാൻ, ഓസ്‌ട്രേലിയ, ചൈന, ജർമനി, റഷ്യ, യുഎഇ, ഇംഗ്ലണ്ട്, തുടങ്ങി 15ഓളം രാജ്യങ്ങൾ ഇതുവരെ സഹായ സന്നദ്ധത അറിയിച്ചു.

വാഗ്ദാനം ചെയ്യപ്പെട്ട സഹായങ്ങൾ നേരിട്ട് സർക്കാർ ഏജൻസികൾക്ക് കൈപ്പറ്റാം എന്നതാണ് അവസ്ഥ. പക്ഷേ ഇക്കര്യത്തിൽ അവ്യക്ത നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. വിദേശ സഹായം സ്വീകരിക്കരുതെന്ന ഇന്ത്യയുടെ ദീർഘകാല നയം ഇപ്പോഴും നിലവിലുണ്ടെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ പറയുന്നു.

ഇന്ത്യ ഇതുവരെയും വിദേശ സഹായം അഭ്യർത്ഥിച്ചിട്ടില്ലെന്നാണ് വിശദീകരണം. മെഡിക്കൽ ഓക്‌സിജൻ അടക്കം വരുന്ന പലതും വാണിജ്യാവശ്യങ്ങളുടെ ഭാഗം എന്ന ഗണത്തിൽ ഉൾപ്പെടുത്തിയാണ് ഇപ്പോൾ സ്വീകരിക്കുന്നത്. മാത്രമല്ല യൂറോപ്യൻ യൂണിയനും റഷ്യയും അടക്കമുള്ള രാജ്യങ്ങൾ വാഗ്ദാനം ചെയ്ത സഹായം ഗ്രാന്റ് രൂപത്തിൽ കൈപ്പറ്റാനാണ് കേന്ദ്രസർക്കാർ നീക്കം.

പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്രസർക്കാർ ദുരഭിമാനം ശീലിക്കുന്നു എന്ന വിമർശനമാണ് ഇതോടെ ശക്തമാകുന്നത്. കേന്ദ്രനയം തിരുത്തിയില്ലെങ്കിൽ വാഗ്ദാനങ്ങളും സംഭാവനകളും ഇന്ത്യൻ റെഡ് ക്രോസ് വഴിയാകും രാജ്യത്ത് എത്തുക. വാക്‌സിൻ നിർമാണ അസംസ്‌കൃത വസ്തുക്കൾ അടക്കം സ്വകാര്യ കമ്പനികൾക്ക് ഇന്ത്യയുടെ പേരിൽ നേരിട്ട് ലഭിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീളും.

By Divya