Thu. Apr 25th, 2024
കോട്ടയം:

രോഗവ്യാപനം രൂക്ഷമായതോടെ  കോട്ടയത്ത് ചികിത്സയ്ക്കായി കൂടുതൽ കേന്ദ്രങ്ങൾ സജ്ജമാക്കുന്നു. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ  രോഗികൾ നിറഞ്ഞതോടെയാണ് ബദൽ ക്രമീകരണങ്ങൾ. വാക്സിൻ ക്ഷാമം രൂക്ഷമായതോടെ സമയപരിധി കഴിഞ്ഞിട്ടും പലർക്കും സെക്കൻഡ് ഡോസ് ലഭ്യമായില്ല.

കോട്ടയത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിലേക്ക് കുതിക്കുകയാണ്. ടെസ്റ്റ് പോസ്റ്റിവിറ്റ് നിരക്ക് ഇരുപതിന് താഴെ എത്തിയെങ്കിലും 54 തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിരക്ക് ഇരുപതിന് മുകളിലാണ്. ചെമ്പ് പഞ്ചായത്തിൽ നിരക്ക് 56 ലേക്ക് ഉയർന്നു.

മറവന്തുരുത്ത്, തലയാഴം, ഉദയനാപുരം പഞ്ചായത്തുകളിൽ നാൽപതിന് മുകളിൽ.  താലൂക്ക് അടിസ്ഥാനത്തിൽ 35 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ പുരോഗമിക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയായ പലർക്കും ദിവസങ്ങളോളം കാത്തിരുന്നിട്ടും വാക്സിൻ ലഭിച്ചിട്ടില്ല.

രോഗികളെ പരിചരിക്കാൻ ഏഴ് കേന്ദ്രങ്ങൾ കൂടി പുതിയതായി തുറന്നു. ജില്ലയിലെ രണ്ട് കൊവിഡ് ആശുപത്രികളിൽ 120 കിടക്കകളും സ്വകാര്യ ആശുപത്രിയിൽ 60 കിടക്കകൾ കൂടിയാണ് ഒഴിവുള്ളത്. സി എഫ് എൽ ടി സി ഉൾപ്പെടെയുള്ള പരിചരണ കേന്ദ്രങ്ങളിൽ 1600 കിടക്കകളും ഒഴിവുണ്ടെന്നാണ് ആരോഗ്യ വകുപ്പിൻ്റെ കണക്ക്.

എന്നാൽ ജില്ലയിലെ പല ആശുപത്രികളിലും രോഗികളെ പ്രവേശിപ്പിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

By Divya