Mon. Dec 23rd, 2024
ന്യൂഡൽഹി:

ഇന്ത്യയിൽ അഭൂതപൂർവമായ രീതിയിൽ കൊവിഡ് പിടിമുറുക്കുന്നതിനിടയിൽ സഹായ വാഗ്ദാനവുമായി അമേരിക്ക. കൊവിഷീൽഡ് വാക്സീൻ നിർമിക്കാനാവശ്യമായ അംസസ്കൃത വസ്തുക്കൾ എത്രയും വേഗം ഇന്ത്യയിലേക്ക് അയക്കുമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻ‌എസ്‌എ) ജേക്ക് സള്ളിവൻ പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് അമേരിക്ക പ്രസ്താവനിയിറക്കിയത്.

ഇന്ത്യയിൽ നിർമിക്കുന്ന വാക്സീനായ കൊവിഷീൽഡിന് ആവശ്യമായ അസംസ്കൃത വസ്തുകൾ ലഭ്യമാക്കാനുള്ള ഉറവിടം കണ്ടെത്തിയിട്ടുണ്ട്. അത് എത്രയും വേഗം ഇന്ത്യക്ക് ലഭ്യമാക്കും. കൊവിഡ് മുൻനിര പോരാളികളുടെ സുരക്ഷയ്ക്കായി പിപിഇ കിറ്റുകൾ റാപിഡ് കൊവിഡ് ടെസ്റ്റ് ഉപകരണങ്ങൾ, വെന്റിലേറ്റേഴ്സ് എന്നിവ ഇന്ത്യക്ക് ലഭ്യമാക്കും.  

ഓക്സിജൻ ലഭ്യത ഉറപ്പാക്കാനും നടപടികൾ സ്വീകരിച്ചുവരികയാണെന്നും ജേക്ക് സള്ളിവൻ പങ്കുവച്ച പ്രസ്താവനയിൽ വ്യക്തമാക്കുന്നു. യുഎസ് എംബസി, ഇന്ത്യൻ ആരോഗ്യ മന്ത്രാലയം, എപിഡമിക്ക് ഇന്റലിജൻസ് സെർവീസ് സ്റ്റാഫ് എന്നിവരുമായി ചേർന്ന് പ്രവർത്തിക്കാൻ സെന്റർ ഫോർ ഡിസീസ് കൺട്രൾ(സിഡിസി), യുഎസ് എയിഡ് എന്നിവയിൽ നിന്നായി വിദഗ്ധ സംഘത്തെ വിന്യസിച്ചതായും പ്രസ്താവനയിൽ പറയുന്നു.

ഏഴ് പതിറ്റാണ്ടായി ഇന്ത്യയും അമേരിക്കയും തമ്മിൽ നിലനനിൽക്കുന്ന ആരോഗ്യരംഗത്തെ പരസ്പര സഹകരണം തുടരുമെന്നും ഇന്ത്യക്ക് ആവശ്യമായ എല്ലാം സഹായങ്ങളും നൽകാൻ ഉണർന്ന് പ്രവർത്തിക്കുമെന്നും ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി സദാ ബന്ധം പുലർത്താൻ ഇരു രാജ്യങ്ങളും തീരുമാനിച്ചതായും പ്രസ്താവന വ്യക്തമാക്കുന്നു.

By Divya