Wed. Jan 22nd, 2025
എറണാകുളം:

കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ എറണാകുളം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍. കടകളും വാണിജ്യസ്ഥാപനങ്ങളും രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ച് മണി വരെ മാത്രം പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രം അനുവദിക്കും. സിനിമ തിയറ്ററുകള്‍ അടച്ചിടണമെന്നും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം 3500 കടന്നതോടെയാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. കടകളും വാണിജ്യസ്ഥാപനങ്ങളും രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു മണി വരെ മാത്രം പ്രവര്‍ത്തിക്കാം.

ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഭക്ഷണം പാഴ്സലായി മാത്രം നല്‍കാം. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഒമ്പത് മണി വരെയാണ് പ്രവര്‍ത്തനസമയം. വിവാഹവും മരണാനന്തര ചടങ്ങളുകളും കോവിഡ് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം.

വിവാഹത്തിന് 30 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം. ആളുകള്‍ കൂടിച്ചേരുന്ന മറ്റ് ചടങ്ങുകള്‍ക്ക് അനുമതിയില്ല. അടുത്ത ഞായറാഴ്ച വരെ തിയറ്ററുകള്‍ അടച്ചിടണം. ഇക്കാര്യത്തില്‍ തിയറ്റര്‍ ഉടമകളുമായി ധാരണയിലെത്തി.

സിനിമാ ചിത്രീകരണവും അടിയന്തരമായി നിര്‍ത്തിവയ്ക്കണം. പാര്‍ക്കുകള്‍, ക്ലബ്ബുകള്‍, ജിംനേഷ്യങ്ങള്‍ എന്നിവയ്ക്ക് അനുമതിയില്ല. സമ്പര്‍ക്കമുണ്ടാകുന്ന കായിക വിനോദങ്ങളും സ്പോര്‍ട്സ് ടൂര്‍ണമെന്‍റുകളും ഇനിയൊരു ഉത്തരവുണ്ടാകും വരെ വിലക്കിയിട്ടുണ്ട്.

എസ്എസ്എൽസിയും പ്ലസ് ടുവും ഒഴികെ മറ്റെല്ലാ പരീക്ഷകളും മാറ്റിവയ്ക്കണമെന്നും കലക്ടര്‍ ഉത്തരവിട്ടു. ട്യൂഷന്‍ സെന്‍ററുകള്‍ക്ക് ഓണ്‍ലൈനായി പ്രവര്‍ത്തിക്കാം.

സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ മീറ്റിങ്ങുകളും ഓണ്‍ലൈനായി നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. 26.5 ആണ് നിലവില്‍ എറണാകുളത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 4468 പേരാണ് ഞായറാഴ്ച ജില്ലയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 35,613ആയി വര്‍ധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്താനുള്ള തീരുമാനം.

By Divya