ന്യൂഡൽഹി:
രണ്ടാംതരംഗം വ്യാപകമായതിനെ തുടർന്ന് കൊവിഡിന്‍റെ വ്യാജമരുന്നുകൾ വിപണിയിൽ വ്യാപകം. മരുന്നും ഓക്സിജനും വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വാട്സ്ആപ്പ് വഴി പണത്തട്ടിപ്പും. കൊവിഡ് മരുന്നായുപയോഗിക്കുന്ന റെംഡിസവറിന്‍റെ വ്യാജനാണ് വിപണിയിൽ വ്യപകമായിറങ്ങിയത്.
ആവശ്യക്കാരേറിയതോടെയാണ് വ്യാജൻമാർ മരുന്നുത്പാദിപ്പിച്ച് മാർക്കറ്റിലെത്തിക്കാൻ തുടങ്ങിയത്. വിപണിയിൽ നിന്ന് വാങ്ങിയ റെംഡിസവറിൽ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് പാക്കിങ്ങിലെയും ലേബലിലെയും അക്ഷരത്തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരുന്ന് ഉത്പാദിപ്പിക്കാൻ അനുമതി നൽകിയ കമ്പനികളുടെ പട്ടികയിലില്ലാത്ത സ്ഥാപനമാണ് മരുന്ന് പുറത്തിറക്കിയിരിക്കുന്നതെന്ന് കണ്ടെത്തുന്നത്. തുടർന്ന് മരുന്ന് വിതരണക്കാരനോട് ഇതിനെ പറ്റി അന്വേഷിച്ചപ്പോൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കാൻ ലൈസൻസാണില്ലാത്തതെന്നും, മരുന്ന് 100% ഒറിജിനൽ ആണെന്നുമായിരുന്നു മറുപടിയെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.