Tue. Nov 5th, 2024
beedi worker who donated two lakhs to CM Disaster relief fund

 

കണ്ണൂർ:

തന്റെ ജീവിതത്തിലെ ആകെയുണ്ടായിരുന്ന സമ്പാദ്യം വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയ ബീഡിത്തൊഴിലാളിയെ ഒടുവിൽ കണ്ടെത്തി. കണ്ണൂർ നഗരത്തില്‍ തന്നെ താമസിക്കുന്ന ജനാര്‍ദന്‍ ആണ് ആ നല്ല മനസിന് ഉടമ. അക്കൗണ്ടില്‍ ഉണ്ടായിരുന്ന 2,00850 രൂപയില്‍ 850 രൂപ മാത്രം ബാക്കിവെച്ച് മിച്ചമുള്ള രണ്ടുലക്ഷം രൂപയാണ് അദ്ദേഹം സിഎംഡിആര്‍എഫിലേക്ക് സംഭാവന ചെയ്തത്.

36 വര്‍ഷത്തോളം ദിനേശില്‍ ജോലി ചെയ്തയാളാണ്. ദിനേശില്‍നിന്ന് വിട്ടിട്ട് 10-12 വര്‍ഷത്തോളമായി. ഇപ്പോള്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ആഴ്ചയില്‍ 3000-3500 ബീഡികള്‍ തെറുക്കും. ആയിരം രൂപയോളം കിട്ടും. സമ്പാദ്യം, ഭാര്യയുടെയും തന്റെയും ഗ്രാറ്റുവിറ്റി ഒക്കെ ചേര്‍ന്ന തുകയായിരുന്നു ബാങ്കിലുണ്ടായിരുന്നത്- ജനാര്‍ദന്‍ പറയുന്നു.

“വികലാംഗനാണ്, ഇയര്‍ ഫോണ്‍ ഉള്ളതുകൊണ്ടാണ് ഇപ്പോൾ സംസാരിക്കാൻ പോലും കഴിയുന്നത്. ഇടതു ചെവി തീരെ കേള്‍ക്കില്ല. രണ്ടു വട്ടം ടിബി വന്നു. കേരള സര്‍ക്കാരിന്റെ ചികിത്സയിലാണ് ഞാന്‍ രക്ഷപ്പെട്ടത്”. സ്വന്തം കാര്യം മാത്രം നോക്കാതെ, സമൂഹത്തിനു വേണ്ടി കൂടി കാര്യങ്ങള്‍ ചെയ്യണം. ഇടുങ്ങിയ ചിന്താഗതി മാറ്റി വിശാലമായി ചിന്തിക്കണം എന്നു മാത്രമേ ജനാര്‍ദന് പറയാനുള്ളൂ.

https://www.youtube.com/watch?v=eq1yc_PfTmI

By Athira Sreekumar

Digital Journalist at Woke Malayalam