എറണാകുളം:
കൊവിഡ് വ്യാപനം രൂക്ഷമായിട്ടുള്ള എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി പൊലീസ്. നിയന്ത്രണങ്ങൾ പാലിക്കാത്തതിനാൽ ജില്ലയിൽ മാത്രം പിഴയടച്ചത് 8000 പേരാണ്. 232 പേർക്കെതിരെ പകർച്ചാവ്യാധി നിരോധന നിയമപ്രകാരം കേസെടുത്തു. ആലുവ റൂറൽ മേഖലയിൽ കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് 110 പേർക്കെതിരെ കേസെടുത്തു.
രാജ്യത്ത് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലയായി എറണാകുളം മാറിയിരിക്കുകയാണ്. ജില്ലയിൽ സ്ഥിതി രൂക്ഷമായി തുടരുകയാണ്. 21 പേരിൽ ഒരാൾക്ക് കൊവിഡ് ബാധ എന്ന നിലയിൽ സ്ഥിതിയെന്നാണ് റിപ്പോർട്ടുകൾ.
ജില്ലയിലെ ജനസംഖ്യയുടെ അഞ്ച് ശതമാനം ആളുകൾക്ക് കൊവിഡ് ബാധിച്ചതായി കണക്കുകൾ പറയുന്നു. ജില്ലയിൽ ഐസിയു ബെഡ്ഡുകൾക്കും കടുത്ത ക്ഷാമമാണ് നേരിടുന്നത്.
സംസ്ഥാനത്ത് ഇന്നലെ സ്ഥിരീകരിച്ച 26685 കേസുകളിൽ 3320 ഉം എറണാകുളം ജില്ലയിലാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 3265 പേർക്കും സമ്പർക്കത്തിലൂടെയായിരുന്നു രോഗബാധ. കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തമാക്കുകയാണ് ജില്ലാ ഭരണകൂടം.