Fri. Apr 26th, 2024
സ്​റ്റോക്ഹോം:

ഇന്ത്യയിലെ മെഡിക്കൽ ഓക്സിജന്‍റെ കുറവ് മൂലമുണ്ടായ പ്രതിസന്ധിയിൽ പ്രതികരണവുമായി സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തുൻബെർഗ്. കൊവിഡ്​ ബാധയുടെ ദ്രുതഗതിയിലുള്ള രണ്ടാം തരംഗത്തെ നേരിടാൻ ആഗോള സമൂഹം ഇന്ത്യയെ സഹായിക്കണമെന്ന് അവർ ട്വിറ്ററിൽ അഭ്യർഥിച്ചു.

“ഇന്ത്യയിലെ സമീപകാല സംഭവവികാസങ്ങൾ ഹൃദയഭേദകമാണ്. ആഗോളസമൂഹം മുന്നോട്ടു വരികയും അടിയന്തരമായി സഹായം നൽകുകയും വേണം” -ഇന്ത്യയിലെ കൊവിഡ്​ വ്യാപനത്തിന്‍റെ രൂക്ഷത വിവരിക്കുന്ന വിദേശ വാർത്താ റി​പ്പോർട്ട്​ ടാഗ്​ ചെയ്​തുകൊണ്ട്​ ഗ്രെറ്റ ട്വീറ്റ്​ ചെയ്​തു.

നിലവിൽ പ്രതിദിനം 3.46ലക്ഷം കൊവിഡ്​ ബാധിതരെന്ന ഉയർന്ന കണക്കിലേക്ക്​ ഇന്ത്യ എത്തിച്ചേർന്നിരിക്കുകയാണ്​. 24 മണിക്കൂറിനുള്ളിൽ 2,760 ​പേർ മരിച്ചു. കൊറോണ വൈറസിന്‍റെ നിരവധി വകഭേദങ്ങളാണ്​ കൊവിഡ്​ രൂക്ഷമാവാൻ കാരണമെന്നാണ്​ വിദഗ്​ദർ അഭിപ്രായപ്പെടുന്നത്​. കൊവിഡ്​ പ്രതിരോധ മാർഗങ്ങൾ പാലിക്കുന്നതിലുള്ള ജനങ്ങളുടെ ശ്രദ്ധയില്ലായ്​മയും സ്ഥിതി വഷളാക്കി.

കൊവിഡ്​ കേസുകൾ വലിയ തോതിൽ വർദ്ധിച്ചത്​ ആശുപത്രികളിൽ കിടക്കകളുടേയും മരുന്നുകളുടേയും ജീവൻരക്ഷാ ഓക്​സിജന്‍റെയും ക്ഷാമത്തിനിടയാക്കി. ഡൽഹിയിലെ ആശുപത്രിയിൽ 25 രോഗികളാണ്​ ഓക്​സിജൻ ക്ഷാമം മൂലം മരിച്ചത്​. യു കെ, യൂറോപ്യൻ യൂനിയൻ, ഫ്രാൻസ്​ തുടങ്ങി നിരവധി രാജ്യങ്ങൾ ഇന്ത്യക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്​.

By Divya