Sun. Feb 23rd, 2025
ബഗ്ദാദ്:

ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിലെ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 23 പേർ മരിച്ചു. അൻപതോളം പേർക്ക് പരുക്കേറ്റു. 120 രോഗികളിൽ 90 പേരെയും അവരുടെ ബന്ധുക്കളെയും രക്ഷിച്ചതായി അധികൃതർ അറിയിച്ചു.

ഓക്സിജൻ സിലിണ്ടറുകളുടെ സംഭരണത്തിലെ തകരാറാണ് തീപിടിത്തതിന് കാരണമെന്നാണു റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയുടെ ഒന്നിലധികം നിലകളിൽ തീ പടർന്നു. തീ നിയന്ത്രണവിധേയമായെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഇറാഖിലെ അഴിമതിയുമായി ബന്ധപ്പെട്ടിരിക്കുന്ന അശ്രദ്ധ മൂലമാണു തീപിടിത്തമുണ്ടായതെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ആളിക്കത്തി. അന്വേഷണ കമ്മീഷൻ രൂപീകരിക്കാൻ ബാഗ്ദാദ് ഗവർണർ മുഹമ്മദ് ജാബെർ ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

ആരോഗ്യമന്ത്രി ഹസൻ അൽ തമീമിയെ പുറത്താക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദേമിയോട് ആവശ്യപ്പെട്ടു. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തുമെന്നു കാദേമി പറഞ്ഞു.

By Divya