Sat. Nov 23rd, 2024
തിരുവനന്തപുരം:

കൊവിഡ് വാക്സീനിന്റെ പകുതി ചെലവ് സംസ്ഥാനം വഹിക്കണമെന്നാണു കേന്ദ്ര സർക്കാർ  നിർദേശിച്ചിരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതിനായി കേരളത്തിന് 1300 കോടി രൂപ വേണ്ടിവരും. ഇതു വലിയ ബാധ്യതയായതിനാൽ വാക്സീൻ സൗജന്യമായി ലഭ്യമാക്കണമെന്നാണു കേരളത്തിന്റെ ആവശ്യം.

സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ യോഗത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. തീരുമാനത്തിനായി കാത്തുനിന്നാൽ വൈകിപ്പോകുമെന്നതുകൊണ്ടാണ് കേരളം സ്വന്തം നിലയിൽ വാക്സീൻ വാങ്ങാൻ നടപടി സ്വീകരിച്ചത്. ഇതുവരെ കേന്ദ്രം സൗജന്യമായാണു വാക്സീൻ നൽകിയത്.

സംസ്ഥാനത്ത് ഇപ്പോഴുള്ള 4 ലക്ഷം ഡോസ് വാക്സീൻ രണ്ടു ദിവസം കൊണ്ടു തീരും. ഇവിടെ മറ്റു രോഗങ്ങളുള്ളവരും പ്രായം ചെന്നവരും ഏറെയുണ്ട്. 45 വയസ്സിനു മുകളിലുള്ള 1.13 കോടി ആളുകളുണ്ട്. അതിനാൽ 50 ലക്ഷം ഡോസ് കൂടി എത്രയും വേഗം ലഭ്യമാക്കണമെന്നു പ്രധാനമന്ത്രിയോട് അഭ്യർഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങൾക്കു ക്വോട്ട നിശ്ചയിക്കാത്തതിനാൽ വാക്സീനു വേണ്ടിയുള്ള മത്സരം ഉടലെടുക്കും. മഹാമാരിയെ നേരിടുമ്പോൾ ആശാസ്യമായ അവസ്ഥയല്ല ഇത്. കയ്യിൽ പണമുള്ളവർ മാത്രം വാക്സീൻ സ്വീകരിക്കട്ടെ എന്ന നിലപാടു സ്വീകരിക്കാനാകില്ല.

സൗജന്യവും സാർവത്രികവുമായ വാക്സിനേഷൻ നയം നടപ്പാക്കും. പരമാവധി പേർക്കു വാക്സിനേഷൻ നൽകി ‘ഹേഡ് ഇമ്യൂണിറ്റി’ വികസിപ്പിക്കുന്നതാണു മികച്ച പ്രതിരോധമെന്നും മുഖ്യമന്ത്രി പറഞ്ഞു.

By Divya