Thu. Jan 23rd, 2025
മലപ്പുറം:

മലപ്പുറത്ത് ആരാധനാലയങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ കൂടുന്നതിന് വിലക്ക് ഏർപ്പെടുത്തിയ ഉത്തരവിൽ അന്തിമ തീരുമാനം തിങ്കളാഴ്ച്ചയെന്ന് ജില്ലാ കളക്ടർ. ഉത്തരവിനെതിരെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണ് നടപടി. അതേസമയം കളക്ടറുടെ ഉത്തരവ് മതിയായ കൂടിയാലോചനകൾ ഇല്ലാതെയെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും മുസ്‌ലിം സംഘടനകൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

ജില്ലയിലെ 24 ഇടങ്ങളിലെ നിരോധനാജ്ഞ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾക്ക് പുറമെയാണ് ആരാധനാലയങ്ങളിൽ ആളുകൾ കൂട്ടമായി എത്തുന്നത് വിലക്കി ജില്ലാ ഭരണകൂടം ഉത്തരവിട്ടത്. ആരാധനലായങ്ങളിലെ ചടങ്ങുകളിൽ അഞ്ച് പേരിൽ കൂടുതൽ പങ്കെടുക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. തുടർന്ന് ഉത്തരവ് പുന പരിശോധിക്കണമെന്ന് ആവശ്യപെട്ട് വിവിധ മുസ്ലിം സംഘടനകൾ രംഗത്തെത്തി.

കൊവിഡിനെതിരായ എല്ലാ നീക്കങ്ങൾക്കും പിന്തുണ നൽകിയിട്ടുണ്ടന്നും പുതിയ ഉത്തരവ് പുനഃപരിശോധിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പ്രതിഷേധം തുടർന്നതോടെ ജില്ലാ ഭരണകൂടം നിലപാട് മയപ്പെടുത്തി. തിങ്കളാഴ്ച സർവകക്ഷി യോഗം ചേരും എന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടന്നും അന്തിമ തീരുമാനം അന്നുണ്ടാകുമെന്നും ഉത്തരവിൽ കളക്ടർ വ്യക്തത വരുത്തി. അന്തിമ തീരുമാനം ആകുന്നത് വരെ തൽക്കാലം നിയന്ത്രണം അടിച്ചേല്പിക്കണ്ടതില്ലാന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം.

By Divya