മനാമ:
കൊവിഡ് കുത്തിവെപ്പും ഗ്രീൻ പാസ്പോർട്ടും പരസ്പരം അംഗീകരിക്കാൻ ബഹ്റൈനും ഇസ്രായേലും തീരുമാനിച്ചു. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗാബി അഷ്കെനകസിയും തമ്മിൽ കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. തുടർന്ന്, ഇരുരാജ്യങ്ങളിലെയും പ്രതിനിധികൾ കരാറിൽ ഒപ്പുവെക്കുകയും ചെയ്തു.
കരാർ പ്രകാരം, ഒരു രാജ്യത്ത് വാക്സിനെടുത്ത് സർട്ടിഫിക്കറ്റ് ലഭിച്ചയാൾക്ക് മറ്റേ രാജ്യത്ത് എത്തുമ്പോൾ ക്വാറൻറീൻ ആവശ്യമില്ല. ‘ഗ്രീൻ പാസ്പോർട്ട്’ ആവശ്യമായ സ്ഥലങ്ങളിൽ ഇവർക്ക് പ്രവേശിക്കാനും കഴിയും. അതേസമയം, രണ്ട് രാജ്യങ്ങളും അംഗീകരിച്ച വാക്സിൻ ആയിരിക്കണമെന്ന വ്യവസ്ഥയുണ്ട്.
രണ്ടാം ഘട്ടത്തിൽ ഒരു രാജ്യത്ത് മാത്രം അംഗീകരിച്ച വാക്സിൻ എടുത്തവർക്കും ഇളവുകൾ നൽകുന്നതിനുള്ള നടപടി സ്വീകരിക്കും. വാക്സിൻ എടുത്തവരുടെ തിരിച്ചറിയൽ നടപടികൾ ഡിജിറ്റൽ മാർഗത്തിൽ സ്വീകരിക്കും. ഇരു രാജ്യങ്ങളിലേക്കുമുള്ള പ്രവേശനം സുഗമമാക്കുന്നതിന് ഈ നടപടികൾ സഹായിക്കും. വിനോദ സഞ്ചാരം, വ്യാപാരം, സാമ്പത്തികം എന്നീ മേഖലകളിലെ സഹകരണത്തെ കരാർ ശക്തിപ്പെടുത്തുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.