ന്യൂഡൽഹി:
കൊവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യ തലസ്ഥാനത്തെ ആരോഗ്യ സംവിധാനം കടുത്ത പ്രതിസന്ധിയിലായി. ഓക്സിജൻ ക്ഷാമത്തിന് പുറമെ ഐസിയു കിടക്കകളും മരുന്നുമില്ലാത്തത് ആശങ്കയാകുന്നു. ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ച് പൊരി വെയിലത്ത് ചികിത്സയ്ക്കായി കാത്തിരിക്കേണ്ട ഗതികേടിലാണ് കൊവിഡ് രോഗികൾ.
ദില്ലിയിലെ ഒരു ആശുപത്രിയിലെ കാഴ്ച ഇങ്ങനെയാണ്, കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടിയെത്തിയ രോഗി ആംബുലൻസിനുള്ളിൽ തന്നെ ആശുപത്രിക്ക് പുറത്ത് കാത്തുകിടക്കുന്നു. കടുത്ത ശ്വാസ തടസ്സമുണ്ട്. ഡോക്ടറെ കണ്ടെങ്കിലും ആശുപത്രി കിടക്കകൾ ഒഴിവില്ലാത്തതിനാൽ മടക്കി അയച്ചു. ജീവൻ നിലനിർത്താൻ ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ച് റോഡിനരികിൽ കാത്തിരിക്കുന്നു.
സ്ഥലമില്ലാത്തതിനാല്‍ അകത്തേക്ക് കയറ്റി വിട്ടില്ല, ആദ്യം രോഗിയെ മാത്രം കടത്തി, പിന്നീട് അവരേയും മടക്കി. ശ്വാസത്തിന് ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് ഓക്സിജൻ നൽകിയതെന്ന് എന്നാണ് അംബുലന്‍സ് ഡ്രൈവര്‍ പറയുന്നത്. ഇത്തരം കാഴ്ചകളാണ് ദില്ലിയില്‍ എങ്ങും.
കൊവിഡ് സ്ഥിരീകരിച്ചവരുമുണ്ട് ആശുപത്രിക്ക്പുറത്ത്. തുണി മാസ്കിനപ്പുറം ഒരു സുരക്ഷാ മാർഗ്ഗങ്ങളുമില്ലാതെ. ജിടിബി,ഡിഡിയു, എൽഎൻജിപി തുടങ്ങി ദില്ലിയിലെ പ്രധാനപ്പെട്ട എല്ലാ ആശുപത്രികളിലെയും അവസ്ഥ സമാനമാണ്. ആശുപത്രിക്കുള്ളിൽ ഒരു കിടക്കയിൽ തന്നെ രണ്ട് രോഗികൾ. കൂടുതൽ ആശുപത്രി ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിക്കുക കൂടി ചെയ്തതോടെ ആരോഗ്യപ്രവർത്തകർ ഇരട്ടി സമയം ജോലി ചെയ്തിട്ടും മതിയാകാത്ത അവസ്ഥ.
കഴിഞ്ഞ കുറെ ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിലൂടെയും നിരവധി പേർ ദില്ലിയിൽ മരുന്നും ഓക്സിജനും അന്വേഷിക്കുകയാണ്. ചികിത്സ കിട്ടാതെ മരിച്ച സംഭവങ്ങളുമുണ്ടായി. കൂടുതൽ സൗകര്യങ്ങൾ ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.