Fri. Nov 22nd, 2024
ഡൽഹി:

ഡൽഹിയിലെ ഓക്‌സിജൻ ക്ഷാമത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചും, കർശനമായ നിർദേശങ്ങൾ നൽകിയും ഡൽഹി ഹൈക്കോടതി. അർധരാത്രിയോളം നീണ്ട അസാധാരണ സിറ്റിംഗിൽ കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തിയിരുന്നു. ഒടുവിൽ ഹർജി ഇന്ന് പരിഗണിക്കാനായി മാറ്റി.

480 മെട്രിക് ടൺ ഓക്‌സിജൻ പൊലീസ് സുരക്ഷയോടെ ഡൽഹിയിൽ എത്തിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത നൽകിയ ഉറപ്പ് ഹൈക്കോടതി രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഹർജി ഇന്ന് പരിഗണിക്കാനായി മാറ്റിയത്. സ്വകാര്യ ആശുപത്രി സമർപ്പിച്ച ഹർജിയിലായിരുന്നു അസാധാരണ സിറ്റിംഗ്.

ഓക്‌സിജൻ ലഭ്യമാക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന സമീപനത്തിൽ ഞെട്ടലെന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്രസർക്കാർ ഉണർന്ന് പ്രവർത്തിക്കുന്നതായി കാണുന്നില്ല. ഓക്‌സിജൻ ക്ഷാമം കാരണം ജനങ്ങൾ മരിക്കുന്നത് കാണാനാകില്ല. യാചിച്ചോ, വാങ്ങിയോ, ബലംപ്രയോഗിച്ചോ അടിയന്തരഘട്ടം മറികടക്കണമെന്ന് കോടതി വ്യക്തമാക്കി.

കേന്ദ്രസർക്കാർ പൗരന്മാരുടെ ജീവിക്കാനുള്ള മൗലികാവകാശം സംരക്ഷിക്കണമെന്ന് പറഞ്ഞ ഹൈക്കോടതി ആശുപത്രികളിൽ ഓക്‌സിജൻ എത്തിക്കാൻ എന്ത് വഴിയാണോ സ്വീകരിക്കേണ്ടത് ആ നടപടിയെടുക്കണമെന്നും ആവശ്യമെങ്കിൽ വ്യവസായ മേഖലയിൽ ഉപയോഗിക്കാൻ വച്ചിരിക്കുന്ന മുഴുവൻ ഓക്‌സിജനും മെഡിക്കൽ ആവശ്യത്തിന് വകമാറ്റണമെന്നും ചൂണ്ടിക്കാട്ടി.

By Divya