Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

 
വാക്‌സിന്‍ വില വര്‍ദ്ധിപ്പിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാനങ്ങള്‍ക്കുള്ള വാക്‌സിന് വില കൂട്ടിയത് അന്യായമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ ദുരന്തം മോദിയുടെ സുഹൃത്തുക്കള്‍ക്ക് അവസരമാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ എഴുതി.

നോട്ട് നിരോധനത്തിന് സമാനമാണ് കേന്ദ്രത്തിന്റെ പുതിയ വാക്സിന്‍ നയമെന്ന് നേരത്തെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. സാധാരണക്കാരുടെ പുതിയ നീണ്ട വരികള്‍ ഇനി കാണാന്‍ കഴിയുമെന്നും പണം, ആരോഗ്യം, ജീവിതം എന്നിവ നഷ്ടപ്പെടുമെന്നും അവസാനം കുറച്ച് മുതലാളിമാര്‍ക്ക് മാത്രമേ പ്രയോജനം ലഭിക്കൂകയുള്ളുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

നേരത്തെയും സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. വാക്സിന്‍ വിതരണമല്ല വാക്സിന്‍ തന്ത്രമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

18 വയസ് മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് സൗജന്യ വാക്സിന്‍ ഉണ്ടാവുകയില്ലെന്നും വില നിയന്ത്രണങ്ങളില്ലാതെ ഇടനിലക്കാരെ കൊണ്ടുവന്നിരിക്കുകയാണെന്നും ദുര്‍ബല വിഭാഗങ്ങള്‍ക്ക് വാക്സിന്‍ ഉറപ്പുവരുത്തുന്നില്ല എന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചിരുന്നു.