ദോഹ:
രാജ്യത്തെ കൊവിഡ് രോഗികൾക്ക് അടിയന്തര ഘട്ടങ്ങളിൽ പുതിയ മരുന്ന് നൽകിത്തുടങ്ങിയതായി ഹമദ് മെഡിക്കൽ കോർപറേഷൻ കമ്യൂണിക്കബിൾ ഡിസീസ് സെൻറർ മെഡിക്കൽ ഡയറക്ടർ ഡോ മുനാ അൽ മസ്ലമാനി അറിയിച്ചു. അടിയന്തര ഘട്ടങ്ങളിൽ മാത്രമാണ് പുതിയ മരുന്ന് നൽകുന്നത്.
ഒരു ഡോസ് മാത്രമാണ് നൽകുന്നതെന്നും എച്ച്എംസി ട്വിറ്റർ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. പുതിയ മരുന്ന് ഉപയോഗിക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങളാണുള്ളത്. രോഗിയുടെ ആരോഗ്യനില കൂടുതൽ വഷളാകുന്ന സാഹചര്യത്തിൽ മാത്രമാണ് പുതിയ മരുന്ന് കുത്തിവെക്കുക.
ശരീരത്തിൽ വൈറസിൻറ പുനരുത്പാദനം തടയുകയാണ് ഈ ചികിത്സയിലൂടെ ലക്ഷ്യംവെക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ രോഗിക്ക് മരുന്ന് ആവശ്യമാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമാണ് പുതിയ മരുന്ന് നൽകുന്നത്. കൊവിഡ് കേസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിർണായക ചികിത്സ കേന്ദ്രങ്ങളിലൊന്നാണ് ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ കമ്യൂണിക്കബിൾ ഡിസീസ് സെൻററെന്ന് അവർ പറഞ്ഞു.
65 കിടക്കകളുള്ള പ്രത്യേകം റൂമുകൾ കേന്ദ്രത്തിലുണ്ട്. അത്യാധുനിക സംവിധാനങ്ങളോടെയുള്ള കൊവിഡ് പരിശോധന ലാബ്, വാക്സിനേഷൻ യൂനിറ്റ് എന്നിവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.