ന്യൂഡൽഹി:
രാജ്യത്ത് അതിരൂക്ഷമായ കൊവിഡ് വ്യാപനത്തിനിടെ ആശുപത്രികളിലേക്ക് ഓക്സിജനുമായി പുറപ്പെട്ട ടാങ്കറുകൾ കൊള്ളയടിക്കുന്നുവെന്ന ആരോപണവും. ഹരിയാനയിൽ ഫരീദാബാദിലെ ആശുപത്രികളിലേക്ക് പുറപ്പെട്ട ടാങ്കറിൽനിന്ന് ഓക്സിജൻ ഡൽഹി സർക്കാർ കൊള്ളയടിച്ചെന്നാണ് ആരോപണം. ചൊവ്വാഴ്ചയാണ് സംഭവമെന്ന് ഹരിയാന ആരോഗ്യ മന്ത്രി അനിൽ വിജ് പറയുന്നു. ഇതിനു പിന്നാലെ ഓക്സിജൻ കയറ്റിവരുന്ന ടാങ്കറുകൾക്ക് ഹരിയാന സർക്കാർ പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
ടാങ്കർ ഡൽഹിയിൽ വെച്ച് കവർച്ചക്കിരയായതായി ട്വിറ്ററിലാണ് മന്ത്രി ആരോപിച്ചത്. കുറെ ചെറുപ്പക്കാർ ചേർന്ന് വാഹനം തടഞ്ഞുനിർത്തുകയായിരുന്നുവെന്നും ഓക്സിജൻ മോഷണം നടത്തുകയായിരുന്നുവെന്നും കുറ്റപ്പെടുത്തുന്നു. ഇത്തരം കവർച്ച പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും നിന്ദാർഹമാണെന്നും ട്വീറ്റ് പറയുന്നു.
ഹരിയാനക്കാവശ്യമായതിലേറെ ഓക്സിജൻ സംസ്ഥാനത്തുണ്ടെന്നും പ്രതിദിനം 60 മെട്രിക് ടൺ ആവശ്യമായ സ്ഥാനത്ത് 270 മെട്രിക് ടൺ സ്റ്റോക്കുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേ സമയം, ഡൽഹിയിൽ പ്രതിസന്ധി അതിരൂക്ഷമായിട്ടും കേന്ദ്ര സർക്കാർ കൈകൾ കെട്ടി നോക്കിനിൽക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കുറ്റപ്പെടുത്തി.