Fri. Nov 22nd, 2024
ന്യൂദല്‍ഹി:

 
കൊവിഡ് രണ്ടാം തരംഗം അതിതീവ്രമായി പടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിനെതിരെ വിമര്‍ശനമുയരുന്നു. വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അതേകുറിച്ച് പ്രധാനമന്ത്രി വ്യക്തമായി പ്രതികരിച്ചില്ലെന്നാണ് പ്രധാന വിമര്‍ശനം.

രാജ്യത്തെ പൗരന്മാര്‍ക്കെല്ലാം സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് താന്‍ കരുതിയിരുന്നതെന്ന് ഛത്തീസ്ഗഡ് മന്ത്രി ടി. എസ് സിംഗ് ഡിയോ പറഞ്ഞു. എന്നാല്‍ വാക്‌സിന്‍ നിര്‍മ്മാണം എങ്ങനെ വര്‍ധിപ്പിക്കുമെന്നതിനെ കുറിച്ചോ അതിന് ശേഷം സംസ്ഥാനങ്ങള്‍ക്ക് എത്ര ഡോസ് വാക്‌സിന്‍ നല്‍കുമെന്നതിനോ കുറിച്ചോ പ്രധാനമന്ത്രി പ്രതിപാദിച്ചേയില്ലെന്ന് സിംഗ് ഡിയോ കുറ്റപ്പെടുത്തി. എഎന്‍ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്യത്ത് കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ വാക്‌സിനുള്ള ഗവേഷണം ആരംഭിച്ചുവെന്നും രാപ്പകലില്ലാതെ അധ്വാനിച്ചാണ് ശാസ്ത്രഞ്ജര്‍ വാക്‌സിന്‍ വികസിപ്പിച്ചതെന്നുമാണ് പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞത്. രണ്ട് മെയ്ഡ് ഇന്‍ ഇന്ത്യ വാക്‌സിനുകള്‍ നിര്‍മ്മിക്കാനായെന്നും ലോകത്ത് വെച്ച് തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയില്‍ വാക്‌സിന്‍ നല്‍കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു.

കൊവിഡ് മുന്നണിപ്പോരാളികളേയും വലിയ തോതില്‍ മുതിര്‍ന്ന പൗരന്‍മാരെയും ഇതിനോടകം വാക്‌സീനേറ്റ് ചെയ്ത് കഴിഞ്ഞു. രാജ്യത്തെ 18 വയസിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിര്‍മ്മിക്കുന്ന വാക്‌സിനുകളില്‍ പകുതി സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാങ്ങാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച, 18 വയസ്സുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതുമായും വാക്‌സിന്‍ നിര്‍മ്മാണ കമ്പനികളില്‍ നിന്നും നേരിട്ട് വാങ്ങുന്നതുമായും ബന്ധപ്പെട്ടുയര്‍ന്ന ആശങ്കകളോട് പ്രധാനമന്ത്രി പ്രതികരിച്ചില്ല.

മേയ് ഒന്ന് മുതല്‍ 18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോഴും ചെലവ് വരുന്നത് സംസ്ഥാന സര്‍ക്കാരുകള്‍ക്കും വ്യക്തികള്‍ക്കുമാണെന്ന് വിദഗ്ധര്‍ കഴിഞ്ഞ ദിവസം തന്നെ ചൂണ്ടിക്കാട്ടിയായിരുന്നു.

വാക്‌സിന്‍ നിര്‍മാതാക്കള്‍ ഉത്പാദിപ്പിക്കുന്ന ഡോസുകളുടെ 50 ശതമാനം കേന്ദ്ര സര്‍ക്കാരിന് നല്‍കണം. അവശേഷിക്കുന്ന 50 ശതമാനത്തില്‍ നിന്നാകും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും വാങ്ങാനാകുക.