Sat. Apr 27th, 2024
കൊല്‍ക്കത്ത:

ബംഗാളിലെ തിരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തിന്‍റെ പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ കൊവിഡ് 19 വ്യാപനവും പ്രധാന വിഷയമാകുകയാണ്. കൊവിഡ് വ്യാപനം കാരണം ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും, ഇടത് കോണ്‍ഗ്രസ് മുന്നണിയും വലിയ റാലികള്‍ റദ്ദാക്കിയിരിക്കുകയാണ്. എന്നാല്‍ ബിജെപി റാലികളുമായി മുന്നോട്ട് നീങ്ങുകയാണ്. ഇത് തൃണമൂല്‍ പ്രധാന രാഷ്ട്രീയ ആയുധമാക്കുകയാണ്.

ഇത് സംബന്ധിച്ച ചോദ്യത്തിന് ബംഗാളില്‍ പ്രചാരണം നടത്തവേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രൂക്ഷമായി പ്രതികരിച്ചത്. ബിജെപിയുടെ റാലികള്‍ എതിരാളികള്‍ ചോദ്യം ചെയ്യുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അമിത് ഷാ പറഞ്ഞ ഉത്തരം ഇങ്ങനെ, ‘ആസാമിലും, കേരളത്തിലും, തമിഴ്നാട്ടിലും തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഉയരാത്ത ചോദ്യം ബംഗാളില്‍ മാത്രം ഉയരുന്നത് എന്താണ്, ബിജെപിയല്ല തിരഞ്ഞെടുപ്പ് നടത്തണമോ, വേണ്ടയോ എന്ന് തീരുമാനിക്കുന്നത്, സര്‍ക്കാറിന് അത് നിര്‍ണ്ണയിക്കാന്‍ സാധിക്കില്ല, രണ്ട് ദിവസം മുന്‍പ് ഇലക്ഷന്‍ കമ്മീഷന്‍ യോഗം വിളിച്ച് പ്രചാരണം ഒരു ദിവസം കുറച്ചു, അതിനാല്‍ തന്നെ ഞങ്ങള്‍ക്ക് കുറഞ്ഞ ദിവസത്തിനുള്ളില്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കണം”- അമിത് ഷാ പറഞ്ഞു.

കൊവിഡ് കേസുകള്‍ കൂടുന്നതില്‍ കേന്ദ്രം എന്ത് നടപടിയെടുക്കുന്നു എന്ന ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി നല്‍കിയ മറുപടി ഇങ്ങനെ – ‘ലോക്ക്ഡൗണ്‍ വേണമോ എന്നത് മുഖ്യമന്ത്രിമാരുമായി ആലോചിച്ചെ തീരുമാനിക്കൂ, ഫെബ്രുവരി മുതല്‍ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കുലര്‍ നല്‍കുന്നുണ്ട്. കര്‍ഫ്യൂ, കണ്ടെയ്മെന്‍റ് സോണ്‍, പ്രദേശിക ലോക്ക്ഡൗണ്‍ ഇതിലൊക്കെ വേണമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ തീരുമാനം എടുക്കാം. എല്ലാ സംസ്ഥാനങ്ങളിലും ഒരേ അവസ്ഥയല്ല, അതിനാല്‍ പ്രദേശികമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കണം” – അമിത് ഷാ പറയുന്നു.

By Divya