ന്യൂഡൽഹി:
ഒരാഴ്ച നീണ്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ നിന്നും കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം. ദില്ലി അതിര്‍ത്തികളിലെ ബസ് ടെര്‍മിനലുകളിൽ നാട്ടിലേക്കുള്ള ബസുകൾ തേടി തൊഴിലാളികളുടെ തിക്കും തിരക്കുമാണ്. ആനന്ദ് വിഹാര്‍, കൗശാംബി എന്നീ ബസ് സ്റ്റേഷനുകളിലെ അന്തര്‍സംസ്ഥാന ബസ് ടെര്‍മിനലുകളാണ് ഇന്നലെ മുതൽ കൂട്ടപാലായനത്തിന് സാക്ഷ്യം വഹിക്കുന്നത്.
കൂടുതലായും യുപി, ബീഹാര്‍, രാജസ്ഥാൻ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഡൽഹിയിൽ തൊഴിലാളികളായി ഉള്ളത്. ലോക്ക് ഡൗൺ വന്നാൽ തൊഴിലുണ്ടാകില്ല, പട്ടിണി കിടക്കേണ്ടിവരും എന്ന ആശങ്കയാണ് എല്ലാവരെയും നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുന്നത്. അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസുകൾ നിര്‍ത്തില്ലെന്ന് സര്‍ക്കാരുകൾ പറയുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷത്തെ സംഭവങ്ങൾ മുന്നിൽ കണ്ടാണ് ഉള്ള ബസുകളിൽ പിടിച്ച് എത്രയും വേഗം നാട്ടിലേക്കെത്താൻ തൊഴിലാളികൾ ശ്രമിക്കുന്നത്.
കഴിഞ്ഞ പ്രാവശ്യത്തെ ലോക്ഡൌണില്‍ ഞങ്ങള്‍ ദിവസങ്ങളോളം പട്ടിണി കിടന്നിട്ടുണ്ടെന്നും അതുകൊണ്ടാണ് തിരിച്ചുപോകുന്നതെന്നും അവർ പ്രതികരിച്ചു. എന്നാല്‍ ആരും നഗരം വിട്ടുപോകരുതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ ആവശ്യപ്പെട്ടു. ”ഇതൊരു ചെറിയ ലോക്ഡൌണ്‍ മാത്രമാണ്, ഇത് നീട്ടേണ്ടി വരില്ലെന്നാണ് പ്രതീക്ഷ” കേജ്‍രിവാള്‍ പറഞ്ഞു.
ഇന്നലെ രാത്രി 10 മുതലാണ് ആറ് ദിവസം നീണ്ടുനില്‍ക്കുന്ന ലൌക്ഡൌണ്‍ കേജ്‍രിവാള്‍ പ്രഖ്യാപിച്ചത്. കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ലോക് ഡൗൺ. എന്നാൽ കൂട്ടപാലായനം രാജ്യ തലസ്ഥാനത്തെ സാമ്പത്തിക മേഖലയെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷത്തെ ലോക്ക് ഡൗണിനു ശേഷം തകർച്ചയിൽ നിന്ന് കാരകേറാനുള്ള പരിശ്രമത്തിലായിരുന്ന വ്യവസായ മേഖലക്ക് വലിയൊരു തിരിച്ചടിയായിട്ടാണ് ഈ പാലായനത്തെ കാണുന്നത്.
പാലായനം ചെയ്യാനെത്തുന്നവരിൽ നിന്ന് യാത്രാക്കൂലിയായി അമിതനിരക്കേടാക്കുന്നന്ന ഒരു വാർത്തയും പുറത്തു വരുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തെ ചൂഷണം ചെയത് പത്തിരട്ടി വരെ പണം യാത്രക്കാരിൽനിന്ന് ഈടാക്കുന്നുണ്ടെന്നാണ് പരാതികൾ വരുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ 23,686 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 26.12 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ലോകമെങ്ങും പടര്‍ന്ന് പിടിച്ച കൊവിഡ് രോഗാണുവിന്‍റെ വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ച് 24 നാണ് രാജ്യം ആദ്യമായി ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് പോയത്. ഇതിന് ശേഷം രാജ്യം കണ്ടത് ഏറ്റവും വലിയ പാലായനങ്ങളിലൊന്നായിരുന്നു. ഏതാണ്ട് അതേ അവസ്ഥയിലേക്കാണോ ദില്ലി വീണ്ടും നീങ്ങുന്നതെന്ന് തോന്നും ഇന്നലെ രാവിലെ മുതല്‍ ദില്ലി അതിര്‍ത്തികളിലെ ബസ് ടെര്‍മിനലുകലെ കാഴ്ച കണ്ടാല്‍.