കൊച്ചി:
ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ മുന്‍മന്ത്രി കെ ടി ജലീലിന് കനത്ത തിരിച്ചടി. ജലീൽ രാജി വയ്ക്കണമെന്ന് പരാമർശമുള്ള ഉത്തരവിൽ തെറ്റില്ലെന്നും ഇടപെടില്ലെന്നും ഹൈക്കോടതി. ലോകായുക്ത എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് കോടതിയുടെ വിലയിരുത്തൽ.
ജസ്റ്റിസ് പി ബി സുരേഷ് കുമാറും ജസ്റ്റിസ് കെ ബാബുവും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധിപറഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് ജലീൽ മന്ത്രി സ്ഥാനം രാജിവെച്ചത്. ബന്ധുനിയമന വിഷയത്തില്‍ ജലീല്‍ സ്വജനപക്ഷപാതവും അധികാരദുര്‍വിനിയോഗവും നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമായിരുന്നു ലോകായുക്ത നിരീക്ഷണം.
പ്രാഥമികാന്വേഷണം പോലുമില്ലാതെയാണ് ലോകായുക്ത അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നായിരുന്നു ജലീലിന്റെ വാദം. നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും വാദിച്ചിരുന്നു. സര്‍ക്കാരും ഈ വാദത്തെ പിന്തുണച്ചു. ഹൈക്കോടതിയുടെ ഉത്തരവ് സംസ്ഥാന സർക്കാരിനും വലിയ തിരിച്ചടി തന്നെയാണ്.