Thu. Apr 25th, 2024
no weekend curfew in kerala

തിരുവനന്തപുരം: സംസ്ഥാനത്ത് തൽക്കാലം വരാന്ത്യലോക്ക് ഡ‍ൗൺ വേണ്ടെന്ന് സ‍ർക്കാർ തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേ‍ർന്ന ഉന്നതതലസമിതി യോ​ഗമാണ് ഇക്കാര്യം തീരുമാനിച്ചത്. വാരാന്ത്യ ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും നിലവില്‍ ഏർപ്പെടുത്തിയിട്ടുളള രാത്രി കർഫ്യൂ ഉള്‍പ്പെടെയുളള നിയന്ത്രണങ്ങള്‍ കർശനമാക്കിയാല്‍ മതിയെന്നുമാണ് യോഗത്തിലെ  വിലയിരുത്തൽ.

അതേസമയം ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ജില്ലാ ശരാശരിയെക്കാൾ ഇരട്ടിയിലധികം  ഉയ‍ർന്ന് നിൽക്കുന്ന ത​ദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ എല്ലാവരേയും കൊവിഡ് പരിശോധനകൾക്ക് വിധേയരാക്കും. രോഗികളുടെ എണ്ണത്തില്‍ വർധനവ് ബോധ്യപ്പെട്ടാല്‍ പ്രാദേശിക നിയന്ത്രണങ്ങളേർപ്പെടുത്തും. കൊവിഡ് പൊസിറ്റിവിറ്റ് നിരക്ക് മൂന്ന് ശതമാനമായി കുറക്കലാണ് ലക്ഷ്യം.

ഈ ദിവസങ്ങളിൽ കോവിഡ് കേസുകൾ കുതിച്ചുയർന്നുവെങ്കിലും സംസ്ഥാനത്തെ ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ അടിയന്തര സാഹചര്യം നേരിടാൻ തക്കവണ്ണം സജ്ജമാണെന്നാണ് ഇന്നത്തെ യോ​ഗത്തിലുണ്ടായ വിലയിരുത്തൽ. ഇതോടൊപ്പം രണ്ടാം തരം​ഗത്തിൽ കേരളത്തിൽ കൊവിഡ് വൈറസിനുണ്ടായ രൂപാന്തരത്തെ കുറിച്ച് ശാസ്ത്രീയമായി പഠിക്കാൻ ജീനോം പഠനം നടത്താനാണ് യോ​ഗത്തിലെ തീരുമാനം.

ഇന്ന് മുതൽ കർഫ്യു നിലവിൽ വരുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കാൻ പൊലീസിനും യോഗം നിർദേശം നൽകിയിട്ടുണ്ട്. രാത്രി ഒൻപത് മുതൽ രാവിലെ അഞ്ച് മണി വരെയാണ് കർഫ്യു. സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോയെന്ന് കർശന പരിശോധനയും നടപടികളും ഉണ്ടാവും.

രാത്രികാല നിയന്ത്രണങ്ങളില്‍ പൊതുഗതാഗതത്തിന് ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും സർവീസുകൾ വെട്ടികുറക്കാനുളള ആലോചനയിലാണ് കെ എസ് ആർ ടി സി. രാത്രി 9 മണിക്ക് ശേഷമുള്ള ദീർഘദൂര സർവീസുകൾ റിസർവേഷൻ മുഖേന നടപ്പാക്കാനും കോർപ്പറേഷന്‍ ആലോചിക്കുന്നുണ്ട്.