Mon. Dec 23rd, 2024
മുംബൈ:

കൊവിഡ് രണ്ടാം തരംഗത്തില്‍ പകച്ച് രാജ്യം. പ്രതിദിന കണക്ക് ഓരോ ദിവസവും വര്‍ധിക്കുന്നത് ആശങ്കയേറ്റുകയാണ്. രാജ്യത്ത് ഏറ്റവും തീവ്രവ്യാപനമുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ 63,729 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 398 മരണവും റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, കര്‍ണാടകയിലും പ്രതിദിന കൊവിഡ് കേസുകള്‍ കൂടി. ഇന്നലെ പതിനയ്യായിരത്തിനടുത്താണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ളതിൽ ഏറ്റവും കൂടിയ രോഗവ്യാപനമാണിത്. 14859 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 78 പേര്‍ മരണത്തിന് കീഴടങ്ങി. 9917 രോഗികളും ബെംഗളൂരു നഗരത്തിൽ നിന്നാണ്. 57 പേര്‍ ഇവിടെ മരിച്ചു. അതേസമയം, കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്.

ഉത്തർപ്രദേശിലും രാജസ്ഥാനിലും പഞ്ചാബിലും രാത്രികാല കർഫ്യൂ പ്രഖ്യാപ്രിച്ചു. ദില്ലിയിൽ വാരാന്ത്യ കർഫ്യൂ ശനിയാഴ്ച തുടങ്ങും. പൊതുസ്ഥലങ്ങളിൽ നിയന്ത്രണം തുടരും. കേരളത്തിലും പ്രതിദിന കൊവിഡ് കേസുകള്‍ ഇന്നലെ പതിനായിരം കടന്നു. ഇന്നലെ10,031 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു.

കഴിഞ്ഞ വർഷം ഒക്ടോബർ പത്തിന് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. 14.8 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണം കൂടി കൊവിഡ് മൂലമാണെന്ന് സർക്കാർ സ്ഥിരീകരിച്ചു. കോഴിക്കോടും എറണാകുളത്തും പ്രതിദിന രോഗബാധ ആയിരം കടന്നു.

By Divya