Fri. Apr 26th, 2024
കോഴിക്കോട്:

ഞായറാഴ്ച കോഴിക്കോട് സമ്പൂർണ ലോക്ക്ഡൗണില്ലെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഒരാളുടെ കമൻ്റിനു മറുപടി ആയാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്. നിലവിൽ കോഴിക്കോട് ജില്ലയിൽ ലോക്ക്ഡൗൺ ഇല്ലെന്നും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു.

ഞായറാഴ്ച കോഴിക്കോട് സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കുമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ചില മാധ്യമങ്ങളും സമാന വാർത്ത റിപ്പോർട്ട് ചെയ്തു. ഇതിനെയാണ് കളക്ടർ തള്ളിയത്. കോഴിക്കോട് ജില്ലകളിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതു,സ്വകാര്യ ഇടങ്ങളിലെ കൂടിച്ചേരലുകൾക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തി.

ആരാധനാലയങ്ങളിൽ അനുഷ്ഠാനങ്ങളും ചടങ്ങുകളും മാത്രം നടത്തും. അഞ്ചിൽ കൂടുതൽ പേർക്ക് പ്രവേശനം ഉണ്ടാകില്ല. കൂടുതൽ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി. നിരീക്ഷണത്തിന് സെക്ടറൽ മജിസ്‌ട്രേറ്റുമാരെ ഏർപ്പെടുത്തി. കേരളത്തിൽ ഇന്നലെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 10000 കടന്നു.

കോഴിക്കോട്, എറണാകുളം ജില്ലകളിൽ കൊവിഡ് വ്യാപനം രൂക്ഷമായി. കോഴിക്കോട് 1560, എറണാകുളം 1391 എന്നിങ്ങനെയാണ് കൊവിഡ് കേസുകളുടെ എണ്ണം.

By Divya