Fri. Apr 19th, 2024
ആലപ്പുഴ:

മന്ത്രി ജി സുധാകരന് എതിരെ മുൻ പഴ്സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യ പൊലീസിൽ നൽകിയ പരാതി പിൻവലിച്ചു. പരാതിയിൽ ഉറച്ച് നിൽക്കുന്നില്ലന്ന് പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. സംഭവത്തിൽ പരാതിക്കാരിയുടെ ഭർത്താവിനോട് വിശദീകരണം തേടാൻ സിപിഎം ഇന്നലെ തീരുമാനിച്ചിരുന്നു. പുറക്കാട് ലോക്കൽ കമ്മിറ്റിയുടേതായിരുന്നു തീരുമാനം.

സ്ത്രീത്വത്തെ അപമാനിക്കുകയും വർഗീയ സംഘർഷത്തിനിടയാക്കുകയും ചെയ്യുന്ന പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് ജി സുധാകരനെതിരെ പരാതി ഉയര്‍ന്നത്. മന്ത്രിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ അമ്പലപ്പുഴ പൊലീസിലാണ് പരാതി നൽകിയത്. എസ്എഫ്ഐ ആലപ്പുഴ മുൻ ജില്ലാ കമ്മിറ്റി അംഗവുമാണ് ഇവര്‍.

കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വാർത്താസമ്മേളനത്തിൽ മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്നവിധം പ്രസ്താവന നടത്തിയെന്ന് പരാതിയിൽ പറഞ്ഞിരുന്നത്. പരാതി അടിസ്ഥാനരഹിതമാണെന്ന് ജി സുധാകരൻ പ്രതികരിച്ചിരുന്നു. വാർത്താ സമ്മേളനത്തിൽ പറഞ്ഞ പൊളിറ്റിക്കൽ ക്രിമിനലിസം ഇത്ര വേഗം വ്യക്തമാകുമെന്ന് പ്രതീക്ഷിച്ചില്ല എന്നും സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു.

By Divya