ദോഹ: 2
2022ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാളിനായി എത്തുന്ന എല്ലാവർക്കും കൊവിഡ് വാക്സിൻ കുത്തിവെപ്പ് ഉറപ്പാക്കും. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയാണ് ഇക്കാര്യം പറഞ്ഞത്. ദോഹ ഫോറത്തിന്റെ പങ്കാളികളായ ഒബ്സർവർ റിസർച് ഫൗണ്ടേഷൻ നടത്തിയ ഈ വർഷത്തെ ‘റെയ്സിന ചർച്ച’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഡിയോ കോൺഫറൻസിലൂടെയാണ് പരിപാടി നടത്തിയത്.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. ഖത്തർ ലോകകപ്പിന് എത്തുന്ന എല്ലാവർക്കും വാക്സിൻ ഉറപ്പുവരുത്തും. ഇതിനായി വാക്സിൻ വിതരണക്കാരുമായി ഖത്തർ ചർച്ചകൾ നടത്തിവരുകയാണ്. ഇതുസംബന്ധിച്ച കൂടിയാലോചനകൾ പുരോഗമിക്കുകയാണ്.
ടൂർണമെൻറിൽ പെങ്കടുക്കുന്ന എല്ലാവർക്കും വാക്സിൻ നൽകുന്നത് എങ്ങനെ വിജയിപ്പിക്കാൻ കഴിയുമെന്നതിലാണ് ചർച്ച. പൂർണമായും കൊവിഡ്മുക്തമായ ലോകകപ്പ് നടത്തുകയെന്നതാണ് ഖത്തർ ലക്ഷ്യമിടുന്നത്. അതിന് കഴിയുമെന്നാണ് ഉറച്ചുവിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആഗോളസമൂഹം നേരിടുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ബഹുമുഖ സമ്മേളനമാണ് ‘റെയ്സിന ചർച്ച’.വിമാനയാത്രകൾക്കും കായിക മേളകൾക്കുമടക്കം കൊവിഡ് വാക്സിൻ കുത്തിവെപ്പ് നിർബന്ധമാകുകയാണ്.