Wed. Nov 6th, 2024
മലപ്പുറം:

കൊവിഡ് ബാധിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകാൻ സാധിക്കാതിരുന്നയാൾക്കെതിരെ നടപടിയെടുത്ത് മലപ്പുറം ജില്ലാ ഭരണകൂടം. പേരാമ്പ്ര സ്വദേശി ബീജക്കെതിരെയാണ് നടപടി. കൊവിഡ് പോസിറ്റീവ് ആയെന്ന് റിട്ടേണിങ് ഓഫീസറെ അറിയച്ചെങ്കിലും മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷനിലേക്ക് നീങ്ങുന്നത്.

മാർച്ച് 22ന് പേരാമ്പ്രയിലെ സ്വകാര്യ ക്ലിനിക്കിൽ നടത്തിയ പരിശോധനയിലാണ് ബീജക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കൊവിഡ് ബാധിച്ചെന്നും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ബീജ വേങ്ങര നിയോജകമണ്ഡലം റിട്ടേണിങ് ഓഫീസർക്ക് സന്ദേശം അയച്ചു. മെയിലിന് മറുപടിയില്ലാത്തതിനെ തുടർന്ന് നേരിട്ട് ഫോൺ വിളിച്ചും റിട്ടേണിങ് ഓഫീസറെ കാര്യം അറിയിച്ചു.

എന്നാൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയില്ലെന്ന് കാണിച്ച് ബീജക്കെതിരെ സസ്പെൻഷൻ നടപടികളിലേക്ക് നീങ്ങുകയാണ് ജീല്ലാ ഭരണകൂടം. ഇതിന് മുന്നോടിയായി സ്കൂൾ പ്രിൻസിപ്പൾ ബീജയെ വിളിച്ച് കാര്യങ്ങൾ കളക്ട്രേറ്റിൽ ബോധ്യപ്പെടുത്താൻ ആവശ്യപ്പെട്ടു. തുടർന്ന് കളക്ട്രേറ്റിൽ വിളിച്ച് മറുപടി നൽകിയെങ്കിലും കൊവിഡ് പോസറ്റീവ് എന്നത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാനുള്ള ന്യായമായ കാരണമല്ലെന്ന വിചിത്ര മറുപടിയാണ് ലഭിച്ചത്.

അതേസമയം , കൊവിഡ് സ്ഥിരീകരിച്ച ഭർത്താവിനെ ബേപ്പൂർ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി കൊടുത്തിരുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയില്ലെന്ന് കാണിച്ച് മലപ്പുറം ജില്ലയിൽ 26 പേർക്കെതിരെയാണ് നടപടിക്കൊരുങ്ങുന്നത്.

By Divya