Wed. Jan 22nd, 2025
തിരുവനന്തപുരം:

കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) ഉയരുന്ന തദ്ദേശ സ്ഥാപന മേഖലയിൽ കലക്ടർമാർക്കു 144–ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കാൻ അനുമതി. കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി ദുരന്തനിവാരണ വകുപ്പ് ഇന്നലെ പുറത്തിറക്കിയ ഉത്തരവിലാണ് ഈ അനുമതി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടെ വിശദാംശങ്ങളും ഉത്തരവിലുണ്ട്. ഈ മാസം 30 വരെയാണ് നിയന്ത്രണങ്ങൾ.

അടച്ചിട്ട ഹാളുകളിൽ നടക്കുന്ന വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിലും പരിപാടികളിലും പരമാവധി 100 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. തുറസ്സായ സ്ഥലങ്ങളിലാണെങ്കിൽ 200 പേർ വരെയാകാം. നിശ്ചിത പരിധിയിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കണമെങ്കിൽ 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. വാക്സീൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് ഉള്ളവർക്കും അധികമായി പങ്കെടുക്കാം.

വിവാഹം, മരണാനന്തര ചടങ്ങ്, സാംസ്‌കാരിക പരിപാടി, കായിക പരിപാടി, ഉത്സവങ്ങൾ തുടങ്ങിയവയ്ക്കെല്ലാം  ഇതു ബാധകമായിരിക്കും. ഏതുതരം ചടങ്ങുകളും പരിപാടികളും 2 മണിക്കൂറിനകം അവസാനിപ്പിക്കണം. പരിപാടികളിൽ കഴിവതും ഭക്ഷണം വിളമ്പൽ ഒഴിവാക്കണം; പാഴ്‌സലോ ടേക്ക് എവേ രീതിയോ സ്വീകരിക്കണം.

By Divya