Fri. Apr 19th, 2024
തിരുവനന്തപുരം:

പെരുമാറ്റച്ചട്ടം നിലനിൽക്കെ, കണ്ണൂർ സർവകലാശാലയിലെ യുജിസിയുടെ എച്ച്ആർഡി സെന്ററിൽ അസി പ്രഫസറുടെ സ്ഥിരം തസ്തികയിലേക്കു നിയമനനീക്കം. എഎൻഷംസീർ എംഎൽഎയുടെ ഭാര്യയെ നിയമിക്കാനുള്ള നീക്കം തടയണമെന്നും ഇന്റർവ്യൂ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കും പരാതി നൽകി.

സെന്ററിലെ തസ്തികകൾ യുജിസി വ്യവസ്ഥ അനുസരിച്ചു താൽക്കാലികമാണെങ്കിലും അസി പ്രഫസറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാൻ സർവകലാശാലയ്ക്കു സർക്കാർ പ്രത്യേക അനുമതി നൽകിയിരുന്നു. ജൂൺ 30 നാണ് നിയമന വിജ്ഞാപനം സർവകലാശാല പുറപ്പെടുവിച്ചത്. ഡയറക്ടറുടെ തസ്തികയിൽ നിയമനം നടത്താതെയാണ് അസി പ്രഫസറുടെ നിയമനം മാത്രം തിരക്കിട്ടു നടത്തുന്നത്. ഇതിനായി 16ന് ഓൺലൈൻ ഇന്റർവ്യൂ നടത്തുന്നതിനുള്ള അറിയിപ്പ് അപേക്ഷകരായ 30 പേർക്ക് ഇമെയിൽ ആയി അയച്ചിട്ടുണ്ട്.

എഎൻഷംസീർ എംഎൽഎ കുസാറ്റിൽ ഒരു തസ്തികയിലേക്കുള്ള നിയമനത്തിന് ഉയർന്ന സ്കോർ പോയിന്റ് ഉള്ള പരമാവധി 10 പേരെ ഇന്റർവ്യൂവിനു ക്ഷണിക്കുമ്പോൾ കണ്ണൂരിൽ ഒറ്റ തസ്തികയ്ക്ക് 30 പേരെ ക്ഷണിക്കാൻ തീരുമാനിച്ചത് ഷംസീറിന്റെ ഭാര്യയെ കട്ട്‌ ഓഫ് മാർക്കിനുള്ളിൽ പെടുത്തുന്നതിനാണെന്നും ആരോപണമുണ്ട്. അക്കാദമിക് മെറിറ്റോ ഗവേഷണപരിചയമോ അധ്യാപന പരിചയമോ കണക്കിലെടുക്കാതെ ഇന്റർവ്യൂ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം നിയമനം നൽകാം.

ഇന്റർവ്യൂവിനു ഹാജരാവുന്ന ആരെയും കൂടുതൽ മാർക്ക്‌ നൽകി നിയമിക്കുന്നതാണ്‌ ഈയിടെ കാലിക്കറ്റ്‌, സംസ്കൃത, മലയാളം സർവകലാശാലകളിലെ അധ്യാപക നിയമനങ്ങൾ വിവാദമാക്കിയത്. പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോൾ നിയമനം നടത്തുന്നതു തടയണമെന്നും തിരക്കിട്ടു നടത്തുന്ന ഓൺലൈൻ ഇന്റർവ്യൂ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് കമ്മിറ്റി പരാതി നൽകിയത്.

By Divya