Wed. Nov 6th, 2024
തിരുവനന്തപുരം:

കെ ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു ധാര്‍മികതയുടെയും പുറത്തല്ല, നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് ജലീല്‍ രാജിവച്ചതെന്ന് ചെന്നിത്തല പ്രതികരിച്ചു. എന്തുകൊണ്ട് രാജിവയ്ക്കുന്നില്ല എന്ന ചോദ്യം എല്ലായിടത്തുനിന്നും ഉയര്‍ന്നു. അതിന് പ്രതിപക്ഷത്തെയോ മാധ്യമങ്ങളെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുജന അഭിപ്രായം സർക്കാരിന് എതിരാണ്. ഈ സർക്കാർ നിയോഗിച്ച ലോകായുക്തയാണ് തീരുമാനമെടുത്തത്. ആദ്യം മുതൽ രക്ഷിക്കാൻ സിപിഎം ശ്രമിച്ചു. ഇപ്പോള്‍ ഒരു ഗതിയും ഇല്ലാതായപ്പോൾ പാർട്ടിക്ക് രാജി വെപ്പിക്കേണ്ടി വന്നതാണെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

ഫയലിൽ ഒപ്പുവെച്ച മുഖ്യമന്ത്രിക്കും മറുപടി പറയാൻ ബാധ്യതയുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കാൻ നോക്കി. ജലീലിന്‍റെ രാജി ധാർമികതയുടെ പേരിലാണെങ്കിൽ മുഖ്യമന്ത്രിക്കും ആ ബാധ്യതയുണ്ട്. ആ സത്യസന്ധത മുഖ്യമന്ത്രിയും കാണിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഒരു മന്ത്രി ഇത്ര അധഃപതിക്കാമോ എന്നും അദ്ദേഹം ചോദിച്ചു.

By Divya