Fri. Nov 22nd, 2024
തിരുവനന്തപുരം:

ന്യൂനപക്ഷ കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിലേക്ക് യോ​ഗ്യതയില്ലാത്ത ജലീലിന്റെ ബന്ധുവിനെ നിയമിച്ചതിന് മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മന്ത്രി രാജിവെച്ച സ്ഥിതിക്ക് മുഖ്യമന്ത്രിക്കും കയ്യൊഴിയാനാവില്ല. അനധികൃത നിയമനത്തിന് വേണ്ടി യോ​ഗ്യതയിൽ മാറ്റം വരുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു.

മുഖ്യമന്ത്രിക്കും ജലീലിനും ഈ കാര്യത്തിൽ തുല്ല്യ പങ്കാണുള്ളതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ന​ഗ്നമായ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവുമാണ് ഇരുവരും നടത്തിയത്. സ്പിം​ഗ്ലർ ഇടപാടും ആഴക്കടൽ മത്സ്യബന്ധന കരാറും പോലെ ബന്ധുനിയമനവും മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നത്.

എന്നാൽ പിടിക്കപ്പെടുമ്പോൾ എനക്കറിയില്ലെന്ന വിചിത്രമായ വാദമാണ് പിണറായി വിജയൻ ഉയർത്താറുള്ളത്. മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ ജലീൽ രാജിവെച്ചതു കൊണ്ടു മാത്രം ഈ നാണക്കേടിൽ നിന്നും രക്ഷപ്പെടാൻ ഇടതു സർക്കാരിന് സാധിക്കില്ല. ബന്ധുവിനെ നിയമിക്കുന്നതിൽ എന്താണ് തെറ്റെന്നാണ് മന്ത്രി ബാലൻ ചോദിക്കുന്നത്. ഭാര്യമാരെ പിൻവാതിലിലൂടെ നിയമിക്കുന്ന സിപിഐഎമ്മിന്റെ നേതാക്കൾക്ക് ഇതൊന്നും തെറ്റായി തോന്നില്ലെന്ന് സുരേന്ദ്രൻ പരിഹസിച്ചു.

അൽപ്പ സമയം മുൻപാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക ദൂതൻ വഴി ജലീൽ രാജി കത്ത് കാമാറിയത്. രാജി മുഖ്യമന്ത്രി സ്വീകരിച്ചു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് സുരേന്ദ്രൻ പ്രസ്താവന ഇറക്കിയത്.

By Divya