ന്യൂഡൽഹി:
രാജ്യത്തെ കൊവിഡ് വ്യാപനം അതിതീവ്രമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ട് പുറത്തു വിട്ട വാർത്താക്കുറിപ്പിലാണ് ആരോഗ്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന രോഗബാധ നിരക്കാണ് ഇപ്പോഴത്തേതെന്നും പല സംസ്ഥാനങ്ങളിലും ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് വളരെ ഉയർന്ന നിലയിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
സംസ്ഥാനങ്ങൾ കൊവിഡ് പരിശോധനയ്ക്ക് ആർടിപിസിആർ സംവിധാനം ഉപയോഗിക്കാത്തതും പ്രശ്നമാണെന്നാണ് ആരോഗ്യമന്ത്രാലയത്തിൻ്റെ വിലയിരുത്തൽ. അതേസമയം രാജ്യത്ത് കൊവിഡ് വാക്സിന് ക്ഷാമം നേരിടുന്നതിനിടെ വാക്സിൻ്റെ അടിയന്തര ഉപയോഗത്തിനുള്ള നയത്തിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തി.
ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗാനുമതി നൽകിയ എല്ലാ വാക്സീനുകൾക്കും ഇന്ത്യയിൽ അനുമതി നൽകുമെന്ന് നീതി ആയോഗ് അംഗമായ ഡോ വി കെ പോൾ അറിയിച്ചു. ജോൺസൺ ആൻറ് ജോൺസണും, മൊഡേണയടക്കമുള്ള എല്ലാ വിദേശ കമ്പനികളേയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതായും വികെപോൾ പറഞ്ഞു. റഷ്യൻ നിർമ്മിത സ്പുട്നിക് വി വാക്സിന് ഇനി ക്ലിനിക്കൽ പരീക്ഷണം നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.