Sun. Jan 19th, 2025
ന്യൂഡല്‍ഹി:

നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും ഭരണം പിടിക്കാനാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. കേരളത്തില്‍ ബിജെപി നിര്‍ണായകശക്തിയാകുമെന്നും നദ്ദ അവകാശപ്പെട്ടു. ‘പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ ബിജെപി ഭരണം പിടിക്കും. അസമിലും തമിഴ്‌നാട്ടിലും സഖ്യകക്ഷികളോടൊപ്പം ഭരണം തുടരും,’ നദ്ദ പറഞ്ഞു.

ബംഗാളില്‍ മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമമഴിച്ചുവിടുകയാണെന്നും നദ്ദ പറഞ്ഞു. കുച്ച് ബിഹാറിലെ അക്രമത്തിന് കാരണം മമതയാണെന്നും നദ്ദ ആരോപിച്ചു. പശ്ചിമ ബംഗാളിലെ നാലാം ഘട്ട വോട്ടെടുപ്പിനിടെയാണ് വ്യാപക അക്രമം നടന്നത്.

ബംഗാളിലെ കുച്ച് ബിഹാര്‍ പ്രദേശത്താണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രദേശത്തെ പോളിംഗ് സ്റ്റേഷന് സമീപം ഉണ്ടായ വെടിവെയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. നേരത്തെ വെടിവെയ്പിന് ഉത്തരവാദി അമിത് ഷായാണെന്നും ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെക്കണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു.

By Divya