Sun. Apr 28th, 2024
കണ്ണൂര്‍:

സ്‌നേഹമല്ല, വെറുപ്പാണ് ആര്‍എസ്എസ് പഠിപ്പിക്കുന്ന പ്രത്യയ ശാസ്ത്രമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് എം വി ജയരാജന്‍. റാ റാ റാസ്പുടിന്‍ എന്ന ഗാനത്തിന് ചുവട് വെച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണവും, പാലക്കാട് ഹിന്ദു-മുസ്‌ലിം പ്രണയ കഥ പറയുന്ന സിനിമയുടെ ഷൂട്ടിംഗ് തടഞ്ഞ സംഭവവും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കൊവിഡ് വൈറസിന് ജനിതക മാറ്റം സംഭവിച്ച ബ്രിട്ടീഷ് വൈറസാണ് സംഘപരിവാര്‍ എന്നും ജയരാജന്‍ പറഞ്ഞു. ആര്‍എസ്എസുകാര്‍ക്ക് കലാബോധമല്ല, പകരം കലാപ ചിന്തയാണ് ഉണ്ടാകുന്നതെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഹിന്ദു മുസ്‌ലിം പ്രണയ കഥ പറയുന്ന ‘നീയാം നദി’ എന്ന സിനിമയുടെ ചിത്രീകരണായിരുന്നു സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം തടഞ്ഞത്. ശനിയാഴ്ച രാവിലെയാണ് സിനിമാപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഹിന്ദു- മുസ്ലീം പ്രണയം പറയുന്ന സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്ല എന്നാണ് ഷൂട്ടിംഗ് തടഞ്ഞവര്‍ പറഞ്ഞതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്.

ഷൂട്ടിങ്ങ് ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. ക്ഷേത്രം അധികൃതരുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സംസാരിച്ചതിന് ശേഷമാണ് ഇവിടെ ചിത്രീകരണം തുടങ്ങിയത്. ഇതിനിടെ സിനിമയുടെ കഥ പറയണമെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയും കഥ കേട്ടതോടെ ചിത്രീകരണം നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

By Divya