തിരുവനന്തപുരം:
നിയമസഭ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ സംസ്ഥാനത്ത് സൗജന്യഭക്ഷ്യക്കിറ്റിെൻറയും സ്പെഷൽ അരിയുടെയും വിതരണം താളം തെറ്റി. കടലയടക്കം സാധനങ്ങളുടെ ലഭ്യതക്കുറവാണ് മാർച്ചിലെയും ഏപ്രിലിലെയും കിറ്റ് വിതരണം പ്രതിസന്ധിയിലാക്കിയത്. വോട്ടെടുപ്പിന് മുമ്പ് വിഷുക്കിറ്റ് വിതരണം ചെയ്യുന്നത് വിവാദമായപ്പോൾ അത് വിതരണം ചെയ്യാൻ സർക്കാർ കാണിച്ച ഉത്സാഹം വോട്ടെടുപ്പിന് ശേഷം ഉണ്ടായില്ല.
70 ശതമാനം വരുന്ന നീല, വെള്ള കാർഡുടമകൾക്ക് മാർച്ചിലെ സൗജന്യകിറ്റ് ലഭിച്ചിട്ടില്ല. ഹൈകോടതിയിൽനിന്ന് അനുകൂലവിധി സമ്പാദിച്ചെങ്കിലും 90,30,680 ലക്ഷം കാർഡുടമകളിൽ 14,62,596 പേർക്ക് മാത്രമാണ് ഇതുവരെ ഏപ്രിലെ വിഷുകിറ്റെത്തിക്കാൻ സർക്കാറിന് സാധിച്ചത്.
ഇതോടെ വിഷുവിന് മുമ്പ് കിറ്റ് വിതരണം പൂർത്തിയാക്കുമെന്ന ഭക്ഷ്യവകുപ്പിെൻറ പ്രഖ്യാപനം പാഴ്വാക്കായി. മാർച്ച് മാസത്തെ കിറ്റ് വിതരണം പൂർത്തിയാക്കാതെ ഏപ്രിലിലെ കിറ്റ് വിതരണം ആരംഭിച്ചതാണ് പ്രതിസന്ധിക്കിടയാക്കിയതെന്നാണ് സപ്ലൈകോയുടെ വിശദീകരണം.