തിരുവനന്തപുരം:
വാർഡ് തലത്തിൽ ക്യാമ്പുകളൊരുക്കി കൊവിഡ് പ്രതിരോധ കുത്തിവെപ്പിന് ആലോചനകൾ സജീവമായിരിക്കെ സംസ്ഥാനത്തെ പല ജില്ലയിലും വാക്സിൻ ക്ഷാമം. പുതിയ സ്റ്റോക്ക് എത്താത്തതും നിലവിലേത് കഴിഞ്ഞതുമാണ് കാരണം. എത്രയും പെട്ടെന്ന് കൂടുതൽ വാക്സിനെത്തിക്കാൻ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
‘ക്രഷിങ് ദി കര്‍വ്’ പദ്ധതിയുടെ ഭാഗമായി ക്യാമ്പുകള്‍ വ്യാപകമാക്കാനായിരുന്നു തീരുമാനം. തദ്ദേശ സ്ഥാപനങ്ങളെ ഉള്‍പ്പെടെ പങ്കാളികളാക്കി 45 വയസ്സിന് മുകളിലുള്ള പരമാവധി ആളുകള്‍ക്ക് ഒരുമാസത്തിനകം കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും നല്‍കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. എന്നാല്‍, കേന്ദ്രത്തിൽനിന്ന് വാക്സിൻ എത്തിയില്ലെങ്കിൽ ക്യാമ്പുകൾ അനിശ്ചിതത്വത്തിലാകുമെന്നാണ് വിലയിരുത്തൽ.
തലസ്ഥാന ജില്ലയിലാണ് വാക്സിൻ ക്ഷാമം രൂക്ഷം. രണ്ടുദിവസം കൂടി നൽകാനുള്ള വാക്സിനേ സ്റ്റോക്കുള്ളൂ. മറ്റ് ജില്ലകളിലെയും കാര്യങ്ങള്‍ വ്യത്യസ്തമല്ല. മറ്റു പല സംസ്ഥാനങ്ങളിലും വാക്സിൻ ക്ഷാമം രൂക്ഷമായതിനാൽ വാക്സിനേഷൻ സെൻററുകൾ അടച്ചിരുന്നു.
അനുബന്ധമായാണ് കേരളത്തിലും വാക്സിൻ ക്ഷാമം അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് ഇതുവരെ 43,50,966 പേരാണ് വാക്സിൻ എടുത്തത്. ഇതിൽ 38,96,990 ഒന്നാം ഡോസും 4,53,976 രണ്ടാം ഡോസുമാണ്. ഏറ്റവും കൂടുതൽ പേർ വാക്സിനെടുത്തത് തിരുവനന്തപുരം ജില്ലയിലാണ്. കുറവ് ഇടുക്കിയിലും.