Mon. Dec 23rd, 2024
ന്യൂഡൽഹി:

രാജ്യത്തെ കൊവിഡ് സാഹചര്യം കൈകാര്യം ചെയ്തതില്‍ കേന്ദ്രത്തിന് പിഴവുപറ്റിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മറ്റ് രാജ്യങ്ങളിലേക്ക് കൊവിഡ് വാക്സിന്‍ കയറ്റി അയച്ചത് വാക്സിന്‍ ദൗര്‍ലഭ്യത്തിന് കാരണമായെന്നും സോണിയാ ഗാന്ധി ആരോപിക്കുന്നു. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് റാലികള്‍ അടക്കമുള്ള എല്ലാ പൊതുയോഗങ്ങളും ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അവര്‍ വെര്‍ച്വല്‍ മീറ്റിംഗ് നടത്തി. കൊവിഡ് വാക്സിന്‍ വിതരണവും രോഗികളെ കണ്ടെത്തുന്നതുമാകണം സംസ്ഥാനങ്ങളുടെ പ്രാഥമിക ദൗത്യമെന്നും അവര്‍ മുഖ്യമന്ത്രിമാരോട് പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സോണിയാ ഗാന്ധി വിലയിരുത്തി.

പ്രധാനമന്ത്രി വാക്സിന്‍ കയറ്റുമതി ചെയ്തു. ഇത് രാജ്യത്ത് വാക്സിന്‍ ദൗര്‍ലഭ്യമാകുന്ന അവസ്ഥ സൃഷ്ടിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. രാജ്യത്ത് ശക്തമാകുന്ന കൊവിഡിനേക്കുറിച്ചുള്ള ആശങ്ക യോഗത്തില്‍ രാഹുല്‍ ഗാന്ധിയും പങ്കുവച്ചു.
രോഗ ബാധ കൂടുന്നതും സാധാരണക്കാരുടെ ജീവിതമായി ഏറെ ബന്ധമുണ്ടെന്നും.

വൈറസിന്‍റെ ആക്രമണത്തില്‍ ഏറ്റവും ക്ലേശിക്കേണ്ടി വരിക സമൂഹത്തിലെ സാധാരണക്കാരാവും എന്നും ഇവര്‍ക്ക് ധനസഹായം ലഭിക്കേണ്ടതുണ്ടെന്നും രാഹുല്‍ നിരീക്ഷിച്ചു. രാജ്യത്തെ ജനങ്ങള്‍ക്കുള്ള വാക്സിന്‍ വിതരണമായിരിക്കണം കേന്ദ്രത്തിന്‍റെ ആദ്യ പരിഗണനയെന്നും അതിന് ശേഷമാവണം വിദേശരാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെന്നും കൂടുതല്‍ ഉത്തരവാദിത്തത്തോടെ കേന്ദ്ര സര്‍ക്കാര്‍ പെരുമാറണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.

ജനത്തിന് ഉപകാരമുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി പി ആര്‍ പരിപാടികളിലാണ് കേന്ദ്രത്തിന് താല്‍പര്യമെന്ന് അവര്‍ കുറ്റപ്പെടുത്തി. സംസ്ഥാനങ്ങളുമായുള്ള സഹകരണം രാജ്യത്തെ ഒരുമിച്ച് നിര്‍ത്തുന്നതില്‍ പങ്കുവഹിക്കുന്നതാണെന്നും അവര്‍ പറഞ്ഞു. കൊവിഡിനെതിരായ യുദ്ധത്തില്‍ എല്ലാവരും ഒരുമിച്ചാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

By Divya