Mon. Dec 23rd, 2024
തിരുവനന്തപുരം:

തിരുവനന്തപുരത്ത് നേമവും അരുവിക്കരയും എൽഡിഎഫ് നേടുമെന്ന് സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ കണക്കുകള്‍. തിരുവനന്തപുരത്ത് 11 സീറ്റ് വരെ നേടാന്‍ കഴിയുമെന്നാണ് സിപിഐഎം പ്രതീക്ഷിക്കുന്നത്.
നിലവില്‍ എൽഡിഎഫിന് ജില്ലയിലുള്ള മേല്‍ക്കൈ നഷ്ടപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തിയിരിക്കുന്നത്.

14 നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫ് മികച്ച പ്രകടനം കാഴ്ചവച്ചുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
നേമം, കഴക്കൂട്ടം, കാട്ടാക്കട എന്നിവിടങ്ങളില്‍ ബിജെപി ശക്തമായ മത്സരം കാഴ്ചവച്ചു. എന്നാല്‍ നേമത്ത് കഴിഞ്ഞ തവണത്തേതു പോലെ യുഡിഎഫ് വോട്ട് ബിജെപിക്ക് മറിയുന്ന സ്ഥിതി ഉണ്ടാകില്ലെന്നും ഈ സാഹചര്യത്തില്‍ എൽഡിഎഫിന്റെ അടിസ്ഥാന വോട്ടുകള്‍ കൊണ്ട് വിജയിക്കാനാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.

ഭരണത്തുടര്‍ച്ച ഉറപ്പിക്കുന്നത് തന്നെയാണ് സിപിഐഎമ്മിന്റെ കണക്കുകള്‍ പറയുന്നത്. 80 സീറ്റില്‍ ഉറപ്പായും ജയിക്കുമെന്നും 95 സീറ്റുവരെ പൊരുതി നേടാനാകുമെന്നും കണക്കുകള്‍ പറയുന്നു.

By Divya