Mon. Dec 23rd, 2024
തിരുവനന്തപുരം:

കെ ടി ജലീലിൻ്റെ ബന്ധുവിനെ നിയമിക്കാനായി യോഗ്യതയിൽ ഇളവ് വരുത്താനുള്ള ഫയലിൽ മുഖ്യമന്ത്രിയും ഒപ്പിട്ടതിൻ്റെ രേഖകൾ പുറത്ത്. ജലീലിൻ്റെ ബന്ധു അദീബിൻ്റെ നിയമനം ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുമ്പോഴൊക്കെ ജലീൽ കർശന നിർദ്ദേശം നൽകിയതിൻ്റെ ഫയൽ വിവരങ്ങളും ലഭിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരനായ അദീബിൻ്റെ നിയമനത്തെ ന്യൂനപക്ഷവകുപ്പിലെ ഉദ്യോഗസ്ഥ‌ർ പല തവണ എതിർത്തിരുന്നു.

അദീബിന്‍റെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകളിലെല്ലാം കാണുന്നത് ജലീലിൻ്റെ അമിതമായ താല്പര്യമാണ്. വിവാദമുണ്ടായപ്പോൾ ജലീലിനെ പൂർണ്ണമായും പിന്തുണച്ച മുഖ്യമന്ത്രി ജലീലിൻ്റെ നിർദ്ദേശപ്രകാരം അദീബിനായുള്ള യോഗ്യതാ മാറ്റത്തെ അനുകൂലിച്ചു. ന്യൂനപക്ഷ വികസന കോർപ്പറേഷൻ ജനറൽ മാനേജർ നിയമനത്തിനുള്ള യോഗ്യത അദീബിൻ്റെ യോഗ്യതക്ക് അനുസരിച്ച് മാറ്റാൻ ജലീൽ നിർദ്ദേശിച്ച കത്ത് ഇന്നലെ പുറത്ത് വന്നിരുന്നു.

പിന്നാലെ വകുപ്പിലെ ഉദ്യോഗസ്ഥർ യോഗ്യതാ മാറ്റത്തിന് മന്ത്രിസഭയുടെ അനുമതി വേണ്ടേ എന്ന് ചോദിക്കുന്നു. ജനറൽ മാനേജർ തസ്തികക്കുള്ള യോഗ്യത നേരത്തെ നിശ്ചയിച്ചത് മന്ത്രിസഭ ആണെന്നായിരുന്നു ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇത് ആവശ്യമില്ലെന്ന് ഫയലിൽ എഴുതിയ ജലീൽ ഫയൽ മുഖ്യമന്ത്രിക്ക് വിട്ടു, 9-8-2016ൽ ഫയലിൽ മുഖ്യമന്ത്രിയും ഒപ്പിട്ടു.

By Divya