Sun. Dec 22nd, 2024
നാദാപുരം:

നരിക്കാട്ടേരിയിലെ 15 വയസുകാരന്‍ അസീസിന്‍റെ മരണം കൊലപാതകമാണെന്ന് സൂചന നല്‍കുന്ന ദൃശ്യങ്ങളെ സംബന്ധിച്ച്, നേരത്തെ കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന് അറിവുണ്ടായിരുന്നതായി നാട്ടുകാര്‍. എന്നാല്‍ ഈ ദൃശ്യങ്ങള്‍ കണ്ടെത്താനോ കൂടുതല്‍ അന്വേഷണം നടത്താനോ അധികൃതര്‍ തയ്യാറായില്ലെന്നാണ് പരാതി.

48 സെക്കന്‍റും ഒന്നര മിനിറ്റുമുള്ള രണ്ട് ദൃശ്യങ്ങളാണ് പ്രചരിച്ചത്. കറ്റാരത്ത് അഷ്റഫിന്‍റെ മകന്‍ അസീസിനെ സഹോദരനായ സഫ്‍വാന്‍ കഴുത്തില്‍ ചുറ്റിപ്പിടിച്ച് നിലത്ത് വീഴ്ത്തി ശ്വാസം മുട്ടിക്കുന്നതും ശ്വാസം ലഭിക്കാതെ അസീസ് പിടഞ്ഞ് ബോധരഹിതനാവുന്നതുമാണ് ദൃശ്യങ്ങളില്‍. ഇവരുടെ സഹോദരി പകര്‍ത്തിയതാണിതെന്നാണ് നിഗമനം.

2020 മെയ് 17 നാണ് വിദ്യാര്‍ത്ഥിയായ അസീസിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഫ്‍വാന്‍ ശ്വാസം മുട്ടിക്കുന്ന ദൃശ്യങ്ങളെ സംബന്ധിച്ച് നേരത്തെ കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന് അറിയാമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഫോണില്‍ നിന്ന് ഡിലിറ്റ് ചെയ്ത ദൃശ്യങ്ങള്‍ കണ്ടെത്താന്‍ അന്വേഷണസംഘം ശ്രമിച്ചില്ലെന്നാണ് പരാതി.

ലോക്കല്‍ പൊലീസും ക്രൈബ്രാ‍ഞ്ചും അസീസിന്‍റെ മരണം ആത്മഹത്യയാണെന്ന് പറഞ്ഞ് കേസ് എഴുതിത്തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ജില്ലാ പൊലീസ് മേധാവി എ ശ്രീനിവാസ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ഇപ്പോള്‍ ഗള്‍ഫിലുള്ള സഫ്‍വാനെ തിരികെ എത്തിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം

By Divya