ഛണ്ഡിഗഢ്:
പഞ്ചാബിൽ കൊവിഡിന്‍റെ രണ്ടാം തരംഗം പടർന്നു പിടിക്കുന്നതിനിടെ അഞ്ച് ദിവസത്തേക്കുള്ള വാക്സിൻ മാത്രമാണ് സ്റ്റോക്കുള്ളതെന്ന് അറിയിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. പ്രതിദിനം വാക്സിൻ നൽകുന്നവരുടെ എണ്ണത്തിൽ പഞ്ചാബ് ലക്ഷ്യം പൂർത്തികരിച്ചാൽ മൂന്ന് ദിവസത്തേക്ക് മാത്രമേ വാക്സിൻ സ്റ്റോക്ക് തികയുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതിദിനം 80,000 മുതൽ 90,000 പേർക്കാണ് നിലവിൽ വാക്സിൻ നൽകുന്നത്. ഇത് രണ്ട് ലക്ഷമാക്കി ഉയർത്തുകയാണ് ലക്ഷ്യം. അത് സാധ്യമായാൽ മൂന്ന് ദിവസത്തേക്ക് മാത്രമേ വാക്സിൻ സ്റ്റോക്കുണ്ടാവുവെന്ന് അദ്ദേഹം പറഞ്ഞു. ഉടനെ തന്നെ അടുത്ത ബാച്ച് വാക്സിൻ പഞ്ചാബിലെത്തിക്കണം.
ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആരോഗ്യമന്ത്രി ഹർഷ വർധനനും കത്തയച്ചിട്ടുണ്ടെന്നും അമരീന്ദർ സിങ് അറിയിച്ചു.