ന്യൂഡല്‍ഹി:
കൊവിഡ് രോഗം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചതായി രാഹുല്‍ പറഞ്ഞു.
‘ആവശ്യമുള്ളവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം തയ്യാറാകണം. നിലവില്‍ ചില സംസ്ഥാനങ്ങളില്‍ കൊവിഡ് വാക്‌സിന്റെ ക്ഷാമം നേരിടുന്നുണ്ട്. അതൊഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം,’ രാഹുല്‍ പറഞ്ഞു.
വിവിധ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും വാക്സിനേഷന്‍ ലഭിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു. കുറഞ്ഞത് 40 കോടി പേര്‍ക്കെങ്കിലും വാക്സിന്‍ ലഭിച്ചിരിക്കണമെന്നും ഐഎംഎ പറഞ്ഞു. കൊവിഡിന്റെ രണ്ടാം വരവില്‍ രാജ്യം വലിയ വെല്ലുവിളി നേരിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നുവെന്നും കൊവിഡ് നിയന്ത്രണത്തില്‍ ചില സംസ്ഥാനങ്ങള്‍ക്ക് വലിയ വീഴ്ച പറ്റിയെന്നും മോദി പറഞ്ഞു. രാജ്യം നേരിട്ടതില്‍വെച്ച് ഏറ്റവും മോശം സാഹചര്യമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.