Mon. Dec 23rd, 2024
തിരുവനന്തപുരം:

എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷ വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ സന്ദേശം. സമ്മർദ്ദങ്ങളെ മാറ്റി വച്ച് ആത്മവിശ്വാസത്തോടെ വേണം പരീക്ഷയെ സമീപിക്കാൻ.

അതിനാവശ്യമായ കരുതൽ രക്ഷിതാക്കളുടെ ഭാഗത്തു നിന്നുമുണ്ടാകണം. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കൃത്യമായ ജാഗ്രതാ നിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കുകയാണ്. കൊവിഡ് കാരണം ഈ അധ്യയന വർഷത്തിലെ ഭൂരിഭാഗം ദിനങ്ങളിലും വിദ്യാലയങ്ങൾ അടച്ചിടേണ്ടി വന്നെങ്കിലും ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിച്ചു കുട്ടികൾക്ക് അവശ്യമായ ക്ലാസുകൾ പരമാവധി നൽകാൻ സാധിച്ചു എന്നത് ആശ്വാസകരമാണ്.

ഈ പ്രതിന്ധന്ധി കാരണമുണ്ടായ സമ്മർദ്ദങ്ങളെ മാറ്റി വച്ച് ആത്മവിശ്വാസത്തോടെ വേണം പരീക്ഷയെ സമീപിക്കാൻ. അതിനാവശ്യമായ കരുതൽ രക്ഷിതാക്കളുടെ ഭാഗത്തു നിന്നുമുണ്ടാകണം. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കൃത്യമായ ജാഗ്രതാ നിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.

പരീക്ഷാ കേന്ദ്രങ്ങൾ അവ കർശനമായി പാലിക്കണം. വിദ്യാർത്ഥികളും ആ നിയന്ത്രണങ്ങളോട് പൂർണമായി സഹകരിക്കണം. ഏറ്റവും സുരക്ഷിതമായി പരീക്ഷകൾ നടത്താൻ നമുക്ക് സാധിക്കണം. എല്ലാ മത്സരാർത്ഥികൾക്കും നല്ല രീതിയിൽ പരീക്ഷകളിൽ പങ്കെടുക്കാനും മികച്ച വിജയം കരസ്ഥമാക്കാനും സാധിക്കട്ടെയെന്ന് ഹൃദയപൂർവം ആശംസിക്കുന്നു.

By Divya