ചെങ്ങന്നൂർ:
ബിജെപി-സിപിഎം വോട്ടുകച്ചവട ആരോപണത്തെ തുടർന്ന് വിവാദമണ്ഡലമായ ചെങ്ങന്നൂരിൽ കോൺഗ്രസ് വോട്ടുകൾ അവരുടെ സ്ഥാനാർത്ഥിക്ക് കിട്ടിയില്ലെന്ന ആരോപണവുമായി ബിജെപി രംഗത്ത്. ബിജെപിക്ക് അടക്കം വളക്കൂറുള്ള ചെങ്ങന്നൂരിന്റെ മണ്ണിൽ ഇതോടെ ബിജെപി വോട്ടുകൾ ഇടത്തോട്ട് ചോർന്നെന്ന സംശയം ബലപ്പെട്ടു.
ഓർത്തഡോക്സ് സഭ, എൻഎസ്എസ് വോട്ടുകൾ യുഡിഎഫ് പക്ഷത്തേക്ക് ചാഞ്ഞെന്ന റിപ്പോർട്ടുകൾക്കിടെയാണ് കോൺഗ്രസ് വോട്ടുകൾ അവരുടെ സ്ഥാനാർത്ഥി എം മുരളിക്ക് ലഭിച്ചിട്ടില്ലെന്ന ആരോപണം ബിജെപി ജില്ല പ്രസിഡൻറ് എം വി ഗോപകുമാർ ഉന്നയിച്ചത്.
സിപിഎം സ്ഥാനാർത്ഥി സജി ചെറിയാന് ബിജെപി വോട്ട് മറിക്കുമെന്ന് പ്രഖ്യാപിച്ചത് ആർഎസ്എസ് സൈദ്ധാന്തികൻ ആർ ബാലശങ്കറാണ്റാണ്. എൻഎസ്എസ് വോട്ടുകളും നിർണായകമായ ചെങ്ങന്നൂരിൽ ഇത് മുരളിക്ക് അനുകൂലമാകുമെന്ന സൂചന നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് വോട്ടുകച്ചവട ആരോപണം ബാലശങ്കർ ഉയർത്തിയത്.
എന്നാൽ, കോൺഗ്രസിനെതിരെ ബിജെപി രംഗത്തുവന്നത് ബിജെപി വോട്ട് സിപിഎമ്മിന് പോയതിന് മറപിടിക്കാനാണെന്ന് സംശയിക്കുന്നു. ചെങ്ങന്നൂരിലും ആറന്മുളയിലും സിപിഎമ്മിന് വിജയം ഉറപ്പാക്കാൻ ബിജെപിയുമായി ഒത്തുകളിയെന്നായിരുന്നു ബാലശങ്കറിന്റെ വെളിപ്പെടുത്തൽ.