Thu. Jan 23rd, 2025
മുംബൈ:

വരുന്ന 15 ദിവസത്തിനുള്ളില്‍ മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്നും രണ്ട് മന്ത്രിമാര്‍ കൂടി രാജിവയ്ക്കേണ്ടിവരുമെന്നും സംസ്ഥാനത്ത് ഇതോടെ രാഷ്ട്രപതി ഭരണം വരുമെന്നും മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍.
അഴിമതി ആരോപണത്തെ തുടര്‍ന്ന് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് മന്ത്രിസഭയില്‍ നിന്നും രാജിവെച്ചിരുന്നു.

മറ്റൊരു മന്ത്രിയായ അനില്‍ പരാബും അഴിമതി ആരോപണത്തിന്റെ പിടിയിലാണ്. എന്നാല്‍ ശിവസേന നേതാവ് കൂടിയായ അനില്‍ പരാബ് തനിക്കെതിരെയുള്ള ആരോപണം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് സംസ്ഥാന മന്ത്രിമാര്‍ക്ക് 15 ദിവസത്തിനകം രാജിവയ്ക്കേണ്ടിവരുമെന്ന ഭീഷണി ബി ജെ പി അധ്യക്ഷന്‍ ഉയര്‍ത്തിയത്.

ചിലര്‍ ഈ മന്ത്രിമാര്‍ക്കെതിരെ കോടതിയില്‍ പോകും. തുടര്‍ന്ന് അവര്‍ രാജിവെക്കേണ്ടിവരും, എന്നായിരുന്നു ആരുടേയും പേര് പരാമര്‍ശിക്കാതെ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞത്. രാഷ്ട്രപതിയുടെ ഭരണം ഇവിടെ വരാന്‍ മറ്റെന്താണ് വേണ്ടതെന്ന് വിദഗ്ധര്‍ വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

By Divya