തിരുവനന്തപുരം:
സിറ്റിങ് സീറ്റായ നേമം നിലനിർത്തുമെന്നും മൂന്നുമുതൽ അഞ്ച് സീറ്റുകളിൽവരെ ജയിക്കുമെന്നും ബിജെപിയുടെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ, ഏറെ സാധ്യത കൽപിച്ചിരുന്ന പല മണ്ഡലങ്ങളിലും ക്രോസ് വോട്ടിങ്ങും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവുമുണ്ടായെന്ന ആശങ്കയുമുണ്ട്. നേമത്ത് കനത്ത ത്രികോണമത്സരം നടന്നെങ്കിലും മൂന്ന് മുന്നണികളും അവരുടേതായ വോട്ട് പിടിക്കുന്നതിനാൽ സീറ്റ് നിലനിർത്തുമെന്നാണ് ബിജെപിയുടെ അവകാശവാദം.
ഇവിടെ പോളിങ് ശതമാനത്തിൽ കുറവുണ്ടായെങ്കിലും തങ്ങളുടെ വോട്ടുകൾ കൃത്യമായി രേഖപ്പെടുത്തിയെന്നും അവർ പറയുന്നു. നേമത്തിന് പുറമെ മഞ്ചേശ്വരം, പാലക്കാട്, വട്ടിയൂർക്കാവ്, മലമ്പുഴ, ചാത്തന്നൂർ, അടൂർ എന്നിവിടങ്ങളിലാണ് ബിജെപി പ്രതീക്ഷവെക്കുന്നത്. മഞ്ചേശ്വരത്ത് മുസ്ലിം വോട്ടുകളുടെ ഏകീകരണം ഇക്കുറിയുമുണ്ടായതായി ആശങ്കയുണ്ട്.
എന്നാൽ, അതിനെ അതിജീവിക്കുമെന്നാണ് പ്രതീക്ഷ. പാലക്കാട് ഭൂരിപക്ഷ വോട്ടുകൾക്ക് പുറമെ നിഷ്പക്ഷവോട്ടുകളും ഇ ശ്രീധരന് കിട്ടിയേക്കും.